മല്ലപ്പള്ളി : വഴിയോരക്കച്ചവടം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മല്ലപ്പള്ളി യൂണിറ്റ് പ്രസിഡന്റ് ഇ.ഡി.തോമസുകുട്ടി മല്ലപ്പള്ളി പഞ്ചായത്തിന് പരാതി നൽകി. ശ്രീകൃഷ്ണവിലാസം പബ്ലിക് മാർക്കറ്റ് ഇപ്പോൾ ഗുരുതരമായ പ്രതിസന്ധിയെ നേരിടുന്നതിനെ തുടർന്നാണ് പരാതി നൽകിയത്.
മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചിട്ട് നൂറു വർഷങ്ങളായി. നൂറോളം വ്യാപാരികൾ വ്യാപാരം നടത്തുന്നുണ്ട്. പഞ്ചായത്ത് നിശ്ചയിക്കുന്ന ഫീസ് കൊടുത്താണ് വ്യാപാരം ചെയ്യുന്നതും. ഇതിൽ നിന്നും ഏകദേശം നാല് ലക്ഷത്തോളം രൂപ പ്രതിവർഷം പഞ്ചായത്തിനു ലഭിക്കുന്നുമുണ്ട്. എന്നാൽ ചന്തദിവസങ്ങളിലും മറ്റും മല്ലപ്പള്ളി ടൗണിന്റെ വിവിധ ഭാഗങ്ങളിൽ ഫുട്പാത്ത് കൈയേറിയും പാർക്കിംഗ് സ്ഥലം അപഹരിച്ചും നിരവധി വാഹനങ്ങളിൽ ചരക്കുകൾ കൊണ്ടുവന്ന് വിൽക്കുകയാണ്. ഇത് മാർക്കറ്റിനുള്ളിലെ കച്ചവടത്തിനെ ബാധിച്ചിട്ടുണ്ട്. അടിയന്തരമായി അത്തരം വ്യാപാരങ്ങളെ മാർക്കറ്റിൽ പ്രവേശിപ്പിച്ച് വ്യാപാരം ചെയ്യുവാൻ അനുവദിക്കണം. അല്ലാത്തപക്ഷം മാർക്കറ്റിലും കട വാടകയ്‌ക്കെടുത്ത് വ്യാപാരം ചെയ്യുന്ന വ്യാപാരികളേയും കൂടി ഇവർ ചെയ്യുന്നതുപോലെ ഫുട്പാത്തുകളിലും മറ്റു പാർക്കിംഗ് ഏരിയാകളിലും വ്യാപാരം ചെയ്യുവാൻ അനുവദിക്കണമെന്നും എത്രയും വേഗം ഈ പ്രശ്നങ്ങൾക്ക് നടപടി സ്വീകരിക്കാൻ പഞ്ചായത്ത് തയാറാകണമെന്നും അല്ലാത്ത പക്ഷം മാർക്കറ്റിലെ വ്യാപാരികളും വിഴിയോരങ്ങളിലേക്ക് മാറുമെന്നും പരാതിയിൽ പറയുന്നു.