തിരുവല്ല: കവിയൂരിൽ തടിപിടിക്കാൻ കൊണ്ടുവന്ന ആന ഇടഞ്ഞത് ജനങ്ങളെ മണിക്കൂറുകളോളം ഭീതിയിലാക്കി. അക്രമാസക്തനായ ആന പ്രദേശത്തെ നിരവധി വൈദ്യുത പോസ്റ്റുകളും മതിലുകളും ഗെയിറ്റും തകർത്തു. നിരവധി മരങ്ങളും പിഴുതെറിഞ്ഞു. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ശിവം അയ്യപ്പൻ എന്ന ആനയാണ് ഇടഞ്ഞത്. തടി പിടിക്കാനായി ആനയെ കവിയൂരിലെ തൃക്കക്കുടിപ്പാറ ഗുഹാ ക്ഷേത്രത്തിന് സമീപം എത്തിച്ചപ്പോഴാണ് പ്രശ്‍നങ്ങൾ ഉണ്ടാക്കി തുടങ്ങിയത്. അവിടെ നിന്ന് കവിയൂർ - പുന്നിലം റോഡിൽ ആന അരമണിക്കൂറോളം നിലയുറപ്പിച്ചു. തുടർന്ന് അക്രമാസക്തനായ ആന മൂന്ന് വൈദ്യുതി പോസ്റ്റുകൾ ചവിട്ടി തള്ളിയിടിക്കുകയായിരുന്നു. തുടർന്ന് സമീപത്തെ പുളിയൻകീഴ് മാത്യു വർഗീസിന്റെ വീടിന്റെ മതിലും ഗേറ്റും തകർത്തു. പിന്നീട് പുരയിടത്തിൽ കയറി തെങ്ങും റബ്ബർ മരങ്ങളും പിഴുതെറിഞ്ഞു. മാധവശ്ശേരി അനിയന്റെ പുരയിടത്തിലെ റബർ, വാഴ, തെങ്ങ്, മറ്റുമരങ്ങൾ എന്നിവ നശിപ്പിച്ചു. ആനയെ മെരുക്കാനായി പാപ്പാന്മാർ ശ്രമിച്ചെങ്കിലും അക്രമം തുടരുകയായിരുന്നു. ഗുഹാക്ഷേത്രത്തിന് സമീപത്തെ പുരയിടത്തിൽ നിലയുറപ്പിച്ചിരുന്ന ആനയെ ഏഴരയോടെ റാന്നിയിൽ നിന്ന് എത്തിയ വനംവകുപ്പ് സംഘവും പാപ്പാന്മാരും ചേർന്ന് തളച്ചു. ആളുകൾ തടിച്ചുകൂടിയത് പൊലീസിനെയും ബുദ്ധിമുട്ടിലാക്കി.