പത്തനംതിട്ട : കൂറ്റൻ പാറ, കുളിർക്കാറ്റ്, ചുറ്റുപാടും പച്ച നിറഞ്ഞ താഴ്വരകളുടെ സൗന്ദര്യം മന്ത്രി തോമസ് ഐസക്കിന്റെ ഫേസ് ബുക്കിൽ പേജിലെ ഇൗ വർണന പത്തനംതിട്ടയിലെ വഞ്ചിപൊയ്കയെക്കുറിച്ചാണ്. തിരഞ്ഞെടുപ്പ് കാമ്പയിനിൽ ഏറ്റവും ഇഷ്ടപ്പെട്ട യോഗം പത്തനംതിട്ടയിലെ വഞ്ചിപോയ്കയിൽ ആയിരുന്നുവെന്നാണ് പോസ്റ്റിന്റെ ചുരുക്കം. നാട്ടുകാരെല്ലാവരും പ്രത്യേകിച്ച് സ്ത്രീകൾ കൂടുതലായി പങ്കെടുത്ത യോഗമായിരുന്നു അത്. പാറയുടെ മുകളിൽ സ്റ്റേജും ഇരിപ്പിടവും ക്രമീകരിച്ചെങ്കിലും പാറയിൽ കൂടി കയറി പോകണ്ടയെന്ന തീരുമാനിച്ച് പാറയുടെ മുകളിൽ ജനങ്ങളോടൊപ്പം ഒരു മണിക്കൂർ ഇരുന്ന് സംവദിച്ചു ഡോ. ടി.എം തോമസ് ഐസക്ക്. ഇ.ഡിയുടെ പരിശോധന മുതൽ കിഫ്ബി ആരോപണങ്ങൾ വരെ യോഗത്തിൽ ചർച്ചയായതായി അദ്ദേഹം പോസ്റ്റിൽ പരമാർശിക്കുന്നുണ്ട്.
വഞ്ചിപൊയ്കയിൽ മൂന്നര എക്കർ സർക്കാരിന്റെ സ്ഥലമാണ്. അവിടെ ടൂറിസത്തിന് കൂടി പ്രാധാന്യം നൽകണമെന്ന നാട്ടുകാരുടെ ആവശ്യവും രൂക്ഷമായ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന നിർദേശവും കേട്ടാണ് അദ്ദേഹം മടങ്ങിയത്. പത്തനംതിട്ട നഗരസഭയിലെ അനില അനിൽ കൗൺസിലർ ആയ മൂന്നാം വാർഡിലാണ് വഞ്ചിപൊയ്ക സ്ഥിതി ചെയ്യുന്നത്. വെള്ളച്ചാട്ടം അടക്കമുള്ള ഇവിടം ടൂറിസത്തിന് സാദ്ധ്യതയേറെയാണ്.