അടൂർ : ബസ് സർവീസുകൾ പുനരാരംഭിക്കാൻ ചീഫ് ഒാഫീസിൽ നിന്ന് നിർദ്ദേശം നൽകിയിട്ടും

കെ. എസ്. ആർ. ടി. സി അടൂർ ഡിപ്പോ അധികൃതർക്ക് മടി. ജീവനക്കാരില്ലെന്നാണ് വാദം. അടൂർ - കോഴിക്കോട്, അടൂർ - എറണാകുളം - തിരുവനന്തപുരം - അടൂർ സർവീസുകൾ വീണ്ടും തുടങ്ങാനായിരുന്നു നിർദ്ദേശം. മികച്ച വരുമാനം ലഭിച്ചുകൊണ്ടിരുന്ന സർവീസുകളാണിത്. അടൂർ - എറണാകുളം സർവീസ് തുടങ്ങാത്തതിന് കാരണം എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിനെ സഹായിക്കാനാണെന്ന് ആക്ഷേപമുണ്ട്. രണ്ട് സർവീസുകളും ഒരേ സമയത്താണ് അടൂരിൽ നിന്ന് പുറപ്പെടുന്നത്. സ്വകാര്യ സർവീസ് പത്തനംതിട്ട, റാന്നി വഴിയാണെങ്കിൽ എം. സി റോഡുവഴിയായിരുന്നു കെ. എസ്. ആർ. ടി. സി പോയിരുന്നത് . ജീവനക്കാരുടെ സ്ഥലംമാറ്റത്തോടെ അടൂർ ഡിപ്പോയിൽ കണ്ടക്ടർമാരുടെയും ഡ്രൈവർമാരുടെയും കുറവുണ്ടായിരുന്നു. 50 ഷെഡ്യൂൾ വരെ നടത്തിയിരുന്ന ഡിപ്പോയിൽ ഇതുമൂലം 26 മുതൽ 30 വരെ ഷെഡ്യൂളുകളിൽ ഒതുങ്ങി. കോഴിക്കോട് സർവീസിന് ശരാശരി 23,000 രൂപയും അടൂർ - എറണാകുളം - തിരുവനന്തപുരം സർവീസിന് 20,000 രൂപയും പ്രതിദിന വരുമാനം ലഭിച്ചിരുന്നു. എം. സി റോഡിലെ പ്രധാന ഡിപ്പോകളിൽ ഒന്നായ അടൂരിൽ മാത്രമാണ് പ്രതിദിന സർവീസുകളുടെ എണ്ണത്തിൽ ഇത്രമാത്രം കുറവ് സംഭവിച്ചത്. അതേസമയം കൊട്ടാരക്കര, ചെങ്ങന്നൂർ, തിരുവല്ല ഡിപ്പോകളിൽ ലോക്ഡൗണിനെ തുടർന്ന് നിറുത്തലാക്കിയ ഒട്ടുമിക്ക ദീർഘദൂര സർവീസുകളും പുനരാരംഭിച്ചിരുന്നു.

----------------------

തുടങ്ങാത്തത്

2

സർവീസുകൾ

1 അടൂർ - കോഴിക്കോട് സൂപ്പർ ഫാസ്റ്റ്.

വർഷങ്ങളായി നടത്തിക്കൊണ്ടിരുന്ന ഇൗ സർവീസ് വടക്കൻ ജില്ലകളിലേക്ക് പോകേണ്ട യാത്രക്കാർക്ക് ഏറെ സഹായകരമായിരുന്നു. ഇത് നിലച്ചതോടെ തിരുവനന്തപുരം ഭാഗത്തുനിന്ന് വരുന്ന ബസിൽ കയറിപ്പോകണം ഇപ്പോൾ.

രാവിലെ 10.30 ന് അടൂരിൽ നിന്ന് പുറപ്പെട്ട് കോട്ടയം - തൃശൂർ - ഇടപ്പാൾ - കുറ്റിപ്പുറം വഴി രാത്രി 8 ന് കോഴിക്കോട്ടെത്തും. രാത്രി 12.30 ന് തിരിച്ച് രാവിലെ 9 ന് അടൂരിൽ എത്തും. അടൂരിലെ യാത്രക്കാർക്ക് സൗകര്യപ്രദമായി യാത്രചെയ്യാനും കഴിയുമായിരുന്നു.

2.അടൂർ - എറണാകുളം - തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്

വടക്കൻ ജില്ലകളിൽ ജോലിയെടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥരായിരുന്നു ഇതിലെ സ്ഥിരം യാത്രക്കാരിൽ ഏറെയും. വൈകിട്ട് തിരുവനന്തപുരം ഭാഗത്തുനിന്നുള്ള യാത്രക്കാർക്ക് അടൂരിൽ എത്തിച്ചേരുന്നതിനും ഇൗ സർവീസ് പ്രയോജനപ്പെട്ടിരുന്നു.രാവിലെ 6.15 ന് അടൂരിൽ നിന്ന് പുറപ്പെട്ട് കോട്ടയം വഴി 9.30 ന് എറണാകുളത്തും തിരിച്ച് 1.30 ന് അടൂരിലും 3.30 ന് തിരുവനന്തപുരത്തും എത്തിയശേഷം 4.45 ന് അവിടെനിന്ന് പുറപ്പെട്ട് രാത്രി 7.30 ന് അടൂരിൽ എത്തുമായിരുന്നു.