പത്തനംതിട്ട : ജില്ലയിൽ ഏപ്രിൽ 1, 2, 3 തീയതികളിൽ വിവിധകേന്ദ്രങ്ങളിൽ പ്രവർത്തിച്ച ഫെസിലിറ്റേഷൻ സെന്ററുകളിൽവോട്ടു ചെയ്തവർക്ക് വീണ്ടും പോസ്റ്റൽ ബാലറ്റ് അയച്ചതായി ആരോപിച്ച് യു.ഡി.എഫ്. ചീഫ് ഇലക്ഷൻ ഏജന്റ് അഡ്വ.വി.ആർ. സോജി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനു പരാതി നൽകി. ഫെസിലിറ്റേഷൻ സെന്ററിൽ വോട്ടു ചെയ്തശേഷം വീണ്ടും തപാൽവോട്ട് ചെയ്തതായി കണ്ടെത്തിയാൽ കേരളാ സർവീസ് ചട്ടം അനുസരിച്ച് ആ ഉദ്യോഗസ്ഥന്റെ പേരിൽ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. അതോടൊപ്പം ഇരട്ടവോട്ട് ചെയ്തതിനു ജനപ്രാതിനിത്യ നിയമം അനുസരിച്ചും, ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ചും കേസ് എടുക്കണം. എത്രപോസ്റ്റൽ ബാലറ്റ് അച്ചടിച്ചു എന്നും എത്ര എണ്ണം ഉപയോഗിച്ചു എന്നും ഉപയോഗിക്കാത്തത് എത്രയെന്നും സീരിയൽ നമ്പർ സഹിതം സ്ഥാനാർത്ഥികൾക്കോ, ഇലക്ഷൻ ഏജന്റിനോ നൽകാൻ വരണാധികാരികൾ തയാറാകണം. രേഖകൾ ആവശ്യപ്പെട്ട് ചീഫ് ഇലക്ഷൻ ഏജന്റ് അഡ്വ. വി.ആർ.സോജി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടർക്ക് പരാതി നൽകി.