ഇളമണ്ണൂർ : ഏനാദിമംഗലം എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറും പറക്കോട് ബ്ളോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷനും സി.പി.എം കൊടുമൺ ഏരിയാ കമ്മിറ്റി അംഗവുമായ ആർ.ബി.രാജീവ് കുമാറിനെ വാഹനം തടഞ്ഞുനിറുത്തി ആക്രമിച്ച കേസിലെ ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. വോട്ടെടുപ്പ് നടന്ന ദിവസമാണ് സംഭവം. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ബൂത്തുകളിൽ നിന്നും വോട്ടിന്റെ കണക്ക് ശേഖരിക്കുന്നതിനായി പോയ രാജീവ് കുമാറിന്റെ വാഹനം തടഞ്ഞുനിറുത്തി ബി.ജെ.പി പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ബി.ജെ.പി പ്രവർത്തകരും ഏനാദിമംഗലം സ്വദേശികളുമായ ആറു പേരുടെ പേരിൽ പൊലീസ് കേസ് എടുത്തെങ്കിലും പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ സി.പി.എം ഏനാദിമംഗലം തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രതിഷേധിച്ചു.