collapse
തകർച്ചയിലായ നിരണം എസ്.ബി.ടി പടി -കടപ്ര റോഡ്

തിരുവല്ല: തിരക്കേറിയ നിരണം എസ്.ബി.ടി പടി - കടപ്ര റോഡ് തകർന്നതോടെ യാത്ര ദുരിതമായി. പലഭാഗത്തും ടാറിംഗ് പൊളിഞ്ഞു കിടക്കുന്ന റോഡിലെ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. കടപ്ര - വീയപുരം ലിങ്ക് ഹൈവേയിൽ നിന്ന് കടപ്രയിലേക്ക് എളുപ്പം എത്തിച്ചേരാനുള്ള ഏക മാർഗമാണിത്. നിരണം തോട്ടുമട- നിരണം വെസ്റ്റ്, തോട്ടടി, വീയപുരം മേഖലകളിൽ നിന്ന് വരുന്നവർ ഏറെ ആശ്രയിക്കുന്ന റോഡുകൂടിയാണിത്. റോ‌ഡ് തകർന്നത് അപകടങ്ങൾക്കും കാരണമാകുന്നു. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴികൾ ഉള്ളതറിയാതെ ചെറിയ വാഹനങ്ങളാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ അധികാരികളെ സമീപിച്ചെങ്കിലും പരിഹാരമായില്ല. സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.