ചെങ്ങന്നൂർ: വൈശാഖ മാസാചരണം നാളെ തുടങ്ങും. ജൂൺ 10 വരെയാണ് മാസാചരണം നടക്കുന്നത്. ഇതിന്റെ ഭാഗമായി ഇത്തവണ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അഞ്ചമ്പല ദർശനം നടത്താൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസുവിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. കഴഞ്ഞ വർഷം കൊവിഡിന്റെ പശ്ചാത്തലത്തിൽ അഞ്ചമ്പല ദർശനം ഒഴിവാക്കിയിരുന്നു. വൈശാഖ മാസ വിളംബക രഥയാത്ര നാളെ രാവിലെ 6.30ന് തൃച്ചിറ്റാറ്റ് ക്ഷേത്രസന്നിധിയിൽ നിന്ന് ആരംഭിച്ച് തൃപ്പുലിയൂർ മഹാദേവക്ഷേത്രത്തിൽ സമാപിക്കും. പാണ്ഡവീയ മഹാവിഷ്ണുസത്രം പുലിയൂരിൽ നടത്തും. തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ, തിരുവാറന്മുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നീ മഹാവിഷ്ണു ക്ഷേത്രങ്ങളാണ് പഞ്ചാപാണ്ഡവ ക്ഷേത്രങ്ങൾ. പഞ്ചാപാണ്ഡവ ക്ഷേത്രങ്ങൾ ബന്ധിപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡും പഞ്ചദിവ്യദേശ ദർശൻ ഏകോപന സമിതിയും സംയുക്തമായാണ് അഞ്ചമ്പല ദർശനം ഒരുക്കുന്നത്. ആലോചന യോഗം ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു ഉദ്ഘാടനം ചെയ്തു. പഞ്ചാപാണ്ഡവ ക്ഷേത്ര ഏകോപന സമിതി പ്രസിഡന്റ് ബി.രാധാകൃഷ്ണമേനോൻ അദ്ധ്യക്ഷനായി. ദേവസ്വം ബോർഡ് അംഗം കെ.എസ് രവി, അസി.കമ്മിഷണറുമാരായ എസ്.സുചീഷ്‌കുമാർ, കെ.എസ് ഗോപിനാഥൻ പിള്ള, എ.സി ശ്രീകുമാരി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി.അജികുമാർ തുടങ്ങിയവർ പങ്കെടുത്തു.