പഴകുളം : നെല്ലിവിള ജംഗ്ഷന് സമീപം ചേർന്ന കോൺഗ്രസിന്റെ കുടുംബയോഗം തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും നാട്ടുകാർ മറന്നിട്ടില്ല. 10 വയസിൽ താഴെയുള്ള എട്ടുകുട്ടികൾ എത്തി സ്ഥാനാർത്ഥി എം.ജി കണ്ണന് കൈമാറിയ ഒരു കടലാസ് കഷണം ഏറെ ചർച്ചയായിരുന്നു. കടലാസിലെ ഉള്ളടക്കം ഇങ്ങനെയായിരുന്നു... സർ , ഞങ്ങൾക്ക് കളിക്കാനുള്ള ബാറ്റും ബോളും ഒന്നുമില്ല. ഞങ്ങൾക്ക് ഒരു ക്രിക്കറ്റ് കിറ്റ് വാങ്ങി തന്ന് സഹായിക്കണം. ഇലക്ഷന്റെ തിരക്കു കഴിഞ്ഞെങ്കിലും ആ കുഞ്ഞുങ്ങളോടുള്ള വാക്ക് കണ്ണൻ മറന്നില്ല. കഴിഞ്ഞ ദിവസം ക്രിക്കറ്റ് കിറ്റ് വാങ്ങി കുട്ടികൾക്ക് നൽകി. കണ്ണന്റെ കരുതലിന് കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും നന്ദി പറഞ്ഞു.