തണ്ണിത്തോട്: മണ്ണീറയിൽ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കാട്ടാന ശല്യം തുടരുന്നു. വടക്കേമണ്ണീറ, മണ്ണീറസെൻട്രൽ പ്രദേശങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമായത്. കഴിഞ്ഞ ദിവസം രാത്രിയിലിറങ്ങിയ കാട്ടാനകൾ വെട്ടുകുഴിയിൽ തോമസ്, പള്ളിതെക്കേതിൽ ഷാജി എന്നിവരുടെ കൃഷിയിടങ്ങളിൽ വ്യാപകമായ നാശനഷ്ടം വരുത്തി. തെങ്ങ്, കമുക്, വാഴ മറ്റ്കാർഷിക വിളകൾ എന്നിവ നശിപ്പിച്ചു. ജനവാസ മേഖലയോടു ചേർന്ന വനാതിർത്തികളിൽ വനം വകുപ്പ് സ്ഥാപിച്ച സോളാർ വേലികൾ പ്രവർത്തിക്കുന്നില്ല. കാട്ടാനകൾ ജനവാസ മേഖലയിലെ വീടുകളുടെ സമീപത്ത് വരെയെത്തുന്നത് നാട്ടുകാരിൽ ഭയപ്പാടുണ്ടാക്കുന്നു.