വള്ളിക്കാേട്: വി കോട്ടയം തുടിയുരുളിപ്പാറ മലയെയും വൃഷ്ടിപ്രദേശത്തെയും സംബന്ധിച്ച് പ്രമാടം പഞ്ചായത്ത് ജൈവ വൈവിദ്ധ്യ പരിപാലനസമിതി നടത്തിയ കണ്ടെത്തലുകൾ വനംവകുപ്പ് തള്ളി. സമീപത്തെ പാറമടയ്ക്കെതിരെ സമരം നടത്തുന്നവർ ഉൾപ്പെട്ട സമിതിയുടെ റിപ്പോർട്ട് അംഗീകരിച്ച് തുടിയുരുളിപ്പാറയെയും സമീപ സ്ഥലങ്ങളെയും ജൈവവൈവിദ്ധ്യ പ്രദേശമായി ഗ്രാമപഞ്ചായത്ത് പ്രഖ്യാപിക്കുകയായിരുന്നുവെന്ന് വനംവകുപ്പ് കോന്നി റേഞ്ച്ഒാഫീസർ സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
പാറമടയ്ക്കെതിരെ പ്രവർത്തിച്ച ഗ്രാമരക്ഷാസമിതി പ്രവർത്തകരാണ് ജൈവവൈവിദ്ധ്യ പരിപാലന സമിതി അംഗങ്ങളിൽ ഭൂരിഭാഗം. ഒറ്റദിവസം കൊണ്ട് പ്രദേശത്തെ ഒരു ചെറിയ ഭാഗം പരിശോധിച്ച് തയ്യാറാക്കിയ റിപ്പോർട്ട് യുക്തിസഹമല്ല. പ്രദേശത്തിന്റെ വിസ്തൃതി പരിഗണിച്ച് ജൈവവൈവിദ്ധ്യം മനസിലാക്കാൻ വിദഗ്ദ്ധസംഘം പഠനം നടത്തണം. സമിതി നടത്തിയ പഠനത്തിന് ജനപങ്കാളിത്തവും സുതാര്യതയുമില്ലെന്ന് വനംവകുപ്പ് പറയുന്നു. സമിതി കൺവീനർ പാറമടയ്ക്ക് എതിരെ പ്രവർത്തിക്കുന്നയാളാണ്. തുടിയുരുളിപ്പാറയെയും വൃഷ്ടി പ്രദേശത്തെയും ജൈവവൈവിദ്ധ്യകേന്ദ്രമായി പ്രഖ്യാപിച്ചതിന് പിന്നിൽ വ്യക്തി താൽപ്പര്യങ്ങളുണ്ടെന്ന ആക്ഷേപം തള്ളിക്കളയാനാവില്ല. വർഷങ്ങളായി പാരിസ്ഥിതിക അനുമതിയോടെ പ്രവർത്തിക്കുന്ന പാറമട കാരണം ജൈവവൈവിദ്ധ്യത്തിന് ശോഷണം സംഭവിച്ചിട്ടുണ്ടോയെന്ന് വിദഗ്ദ്ധപഠനം നടത്തേണ്ടതുണ്ടെന്ന് വനംവകുപ്പിന്റെ റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
സമിതിയുടെ പ്രധാന കണ്ടെത്തൽ
25 ഏക്കർ വിസ്തൃതിയുള്ള സ്ഥലത്ത് 150ൽ അധികം സസ്യങ്ങൾ. 37ലധികം പറവകൾ, 35 വിവിധയിനം പൂമ്പാറ്റകൾ. 25 തരം ഷഡ്പദങ്ങൾ, ഒച്ചുകൾ, അട്ടകൾ, ചിലന്തികൾ.പ്രദേശത്തെ ജൈവ വൈവിദ്ധ്യ കേന്ദ്രമായി പ്രഖ്യാപിക്കണം.
വനംകുപ്പ് പറയുന്നത് ...
ഇത്രയധികം ജൈവ ഇനങ്ങളെ ഒറ്റ ദിവസത്തെ പഠനത്തിൽ തിരിച്ചറിഞ്ഞുവെന്നത് വിശ്വസനീയമല്ല. ചുരുക്കം ചില ഷഡ്പദങ്ങളും സസ്യങ്ങളും ഒഴികെ സമിതി പറയുന്നതിൽ മിക്കവയും സാധാരണ കാണപ്പെടുന്നവയാണ്. ക്വാറിയുടെ പ്രവർത്തനം കാരണം ജൈവ വൈവിദ്ധ്യ ശോഷണം സംഭവിച്ചതായി സമിതി കണ്ടെത്തിയിട്ടില്ല.