ആറന്മുള: വൈദ്യ പരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ച മോഷണക്കേസ് പ്രതി അർദ്ധരാത്രിയിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് കൈവിലങ്ങോടെ രക്ഷപെട്ടു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ പ്രതിയെ വീടിനു സമീപത്തെ പുഞ്ചപ്പാടത്ത് നിന്ന് പൊലീസ് സാഹസികമായി പിടികൂടി. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ശനിയാഴ്ച രാത്രി 11.45 നാണ് ആറന്മുള പൊലീസ് കൊണ്ടുവന്ന പന്നിവേലിച്ചിറ സ്വദേശി ഇരുട്ട് ഉണ്ണി എന്നു വിളിക്കുന്ന പ്രതീഷ് (23) ആണ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ടത്. ആശുപത്രിയിൽ വൈദ്യ പരിശോധനയുടെ ഭാഗമായി ഉയരവും ഭാരവും നോക്കുന്നതിനിടെയാണ് ഒപ്പമുണ്ടായിരുന്ന പൊലീസുകാരുടെ കണ്ണ് വെട്ടിച്ച് കടന്നു കളയുകയായിരുന്നു. രക്ഷപെടുന്നതിനിടെ കൈയിലെ വിലങ്ങ് ഇയാൾ മുറിച്ചു നീക്കി. സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാരാണ് പ്രതിയെ പരിശോധനക്ക് എത്തിച്ചത്. എ.എസ്.ഐക്കാണ് പ്രതിയുടെ സുരക്ഷാ ചുമതല നൽകിയിരുന്നെങ്കിലും പിന്നീട് പ്രതിയെ പൊലീസുകാരെ ഏൽപ്പിച്ചു വിടുകയായിരുന്നുവത്രേ. മോഷണക്കുറ്റം കൂടാതെ കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ടതിനും വിലങ്ങ് മുറിച്ചതിനും പ്രതീഷിനെതിരെ കേസെടുത്തിട്ടുണ്ട്. നേരത്തെ പോക്സോ കേസിലും ഇയാൾ പ്രതിയായിരുന്നു. ജോലിയ്ക്കിടെ സുരക്ഷാവീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നടപടി ഉണ്ടാകാനാണ് സാദ്ധ്യത. കഴിഞ്ഞ ദിവസം കുമ്പഴയിൽ അഞ്ചു വയസുകാരിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും പത്തനംതിട്ട പൊലീസ് സ്‌റ്റേഷനിൽ നിന്ന് രക്ഷപെട്ടെങ്കിലും മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയിരുന്നു. ഈ സംഭവത്തിൽ സ്‌റ്റേഷൻ റൈറ്ററെ ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തിരുന്നു.