കോഴഞ്ചേരി : കൊവിഡ് രണ്ടാംതരംഗത്തിന്റെ ആശങ്കയിൽ ജില്ലയിലെ വ്യാപാര, വ്യവസായ മേഖലകൾ. മഹാമാരിയെ തുടർന്ന് മാസങ്ങളോളം തുടർന്ന പ്രതിസന്ധിക്ക് അയവ് വന്നപ്പോഴാണ് രണ്ടാം തരംഗമെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് പ്രതിദിന കേസുകൾ 200ന് മുകളിലേക്ക് കടന്നു. കൊവിഡ് വ്യാപനമായാൽ കടകളിലും മറ്റു സ്ഥാപനങ്ങളിലും എത്തുന്നവർ കുറയും. ഇതോടെ വരുമാനം കുറയുമെന്ന് മാത്രമല്ല, വിഷു വിപണി ഉൾപ്പെടെ വിവിധ വാണിജ്യ മേഖലകളുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരുടേയും വരുമാനം ഇല്ലാതാകും. രണ്ട് വർഷത്തെ പ്രളയവും തുടർന്നുണ്ടായ കൊവിഡും സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് വ്യാപാര സ്ഥാപനങ്ങൾ കുറച്ചെങ്കിലും ഉണർന്നത് ഈ വർഷമാണ്. എന്നാൽ കൊവിഡിന്റെ രണ്ടാംവരവിൽ വീണ്ടും കടകൾ അടച്ചിടേണ്ടിവരുമോയെന്ന ആശങ്കയിലാണ് ഉടമകൾ. മറ്റു ജില്ലകളിലും സംസ്ഥാനങ്ങളിലും കൊവിഡ് വർദ്ധിക്കുന്നതിനാൽ അവിടെ നിന്നുള്ളവരുടെ വരവിലും കുറവുണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാത്തതും തിരിച്ചടിയാകും എന്ന ആശങ്കയുണ്ട്.
വ്യാപാര സ്ഥാപനങ്ങളിൽ കുറെക്കാലമായി പരിശോധനകൾ പേരിന് മാത്രമായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും പരിശോധന വ്യാപകമായിട്ടുണ്ട്. കൊവിഡ് വർദ്ധിച്ചാൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ശക്തമാക്കുന്നതും വ്യാപാര മേഖലയിലെ പ്രതിസന്ധി അതിരൂക്ഷമാകും.
മറ്റെല്ലാ മേഖലയ്ക്കും ഇളവുകളും വിട്ടുവീഴ്ചകളും ചെയ്യുമ്പോൾ ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും പരിശോധനകൾ കർശനമാക്കുന്നത് തങ്ങൾക്ക് മാത്രമാണെന്ന് വ്യാപാരികൾക്ക് പരാതിയുണ്ട്. വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ മാത്രം തുടരുന്ന നടപടി പുന:പരിശോധിക്കണമെന്നാണ് വിവിധ വ്യാപാര സംഘടനകളുടെ ആവശ്യം.
" കൊവിഡിന്റെ പേരിൽ വ്യാപാരികൾക്കെതിരെ മാത്രം നടപടി സ്വീകരിക്കുന്ന പ്രവണത മാറ്റണം. മഹാമാരിയെ പ്രതിരോധിക്കാൻ സമൂഹം മുഴുവനായും തയ്യാറാകണം. "
(എ.വി. ജാഫർ,
സെക്രട്ടറി, കേരള ഹോട്ടൽ ആൻഡ്
റസ്റ്റോറന്റ് അസോസിയേഷൻ, കോഴഞ്ചേരി )