പത്തനംതിട്ട: ജില്ലയിൽ കൈവിലങ്ങുകളുമായി പ്രതികൾ പൊലീസിനെ വെട്ടിച്ച് ചാടിപ്പോയത് അഞ്ച് ദിവസത്തിനിടെ രണ്ടാം തവണ. രണ്ട് സംഭവങ്ങളിലും പ്രതികളെ വീണ്ടും പിടികൂടാൻ കഴിഞ്ഞത് പൊലീസിന് ആശ്വാസമായി.
കുമ്പഴയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ചും മർദ്ദിച്ചും കൊലപ്പെടുത്തിയ കേസിൽ പ്രതിയായ രണ്ടാനച്ഛൻ അലക്സ് പൊലീസിന്റെ പിടിയിൽ നിന്ന് കൈവിലങ്ങുമായി ചാടിപ്പോയത് ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ്. ശൗചാലയത്തിലേക്ക് പോകണമെന്ന് പറഞ്ഞ പ്രതിയുമായി പൊലീസ് പുറത്തേക്കിറങ്ങുമ്പോഴാണ് ചാടിപ്പോയത്. പിറ്റേന്ന് രാവിലെ നാട്ടുകാരുടെ സഹായത്തോടെ അലക്സിനെ കുലശേഖരപ്പേട്ടയിൽ പിടികൂടുകയായിരുന്നു. സംഭവത്തിൽ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ റൈറ്റർ രവിചന്ദ്രനെ പൊലീസ് മേധാവി ആർ.നിശാന്തിനി സസ്പെന്റ് ചെയ്തിരുന്നു. ഇൗ സംഭവം നടന്ന് ഒരാഴ്ച തികയുന്നതിന് മുൻപാണ് ആറൻമുള പൊലീസിന്റെ പിടിയിൽ നിന്ന് മോഷണക്കേസ് പ്രതി പന്നിവേലിച്ചിറ സ്വദേശി പ്രതീഷ് കൈവിലങ്ങുമായി ചാടിപ്പാേയത്. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ പ്രതിയുമായി രണ്ട് പൊലീസുകാർ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്ക് പോകുമ്പോഴായിരുന്നു സംഭവം. ഇതും പൊലീസുകാരുടെ വീഴ്ചയായി കണ്ട് നപടി ഉണ്ടായേക്കും.