arif-khan

ശബരിമല: ഇരുമുടിക്കെട്ടും ശിരസിലേന്തി ശരണം വിളികളോടെ കന്നി അയ്യപ്പനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയ്യപ്പസന്നിധിയിൽ ദർശനം നടത്തി. മകൻ കബീർ ആരിഫും ഒപ്പമുണ്ടായിരുന്നു.

ഇന്നലെ വൈകിട്ട് 7.15 ഓടെയാണ് ഇരുവരും സന്നിധാനത്തെത്തിയത്. വലിയ നടപ്പന്തലിന്റെ പ്രവേശന കവാടത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു ഗവർണറെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ബോർഡ് മെമ്പർ അഡ്വ. കെ. എസ്. രവി, ദേവസ്വം കമ്മിഷണർ ബി.എസ്. തിരുമേനി, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണകുമാര വാര്യർ തുടങ്ങിയവരും ഉണ്ടായിരുന്നു. പടിപൂജ സമയമായതിനാൽ ഗസ്റ്റ് ഹൗസിലെത്തി അൽപ്പ നേരം വിശ്രമിച്ച ശേഷമാണ് ഗവർണർ പതിനെട്ടാം പടി കയറി ദർശനം നടത്തിയത്. ശ്രീകോവിലിനു മുന്നിൽ തൊഴുകൈകളോടെ പ്രാർത്ഥനാനിരതനായ ഗവർണർക്ക് തന്ത്രി കണ്ഠരര് രാജീവര്, മേൽശാന്തി വി.കെ.ജയരാജ് പോറ്റി എന്നിവർ ശ്രീകോവിലിൽ നിന്ന് പ്രസാദം നൽകി. തുടർന്ന് ഉപദേവതകളെയും മാളികപ്പുറത്തമ്മയേയും വണങ്ങിയശേഷം വാവർ നടയിലും ദർശനം നടത്തി.

ഇന്നലെ വൈകിട്ട് 4.15നാണ് ആരിഫ് മുഹമ്മദ് ഖാൻ പമ്പയിലെത്തിയത്. ഗണപതി കോവിൽ പരിസരത്തെ മണ്ഡപത്തിൽ ഇരുമുടിക്കെട്ട് നിറച്ച ശേഷം സന്നിധാനത്തേക്ക് പുറപ്പെട്ടു. ദേവസ്വം ബോർഡ് ഡോളി തയ്യാറാക്കിയിരുന്നെങ്കിലും നടന്നു മല കയറാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. സ്വാമി അയ്യപ്പൻ റോഡ് വഴി മലകയറി രണ്ടിടത്ത് വിശ്രമിച്ചായിരുന്നു യാത്ര. ഇന്ന് രാവിലെ ഉഷഃപൂജ തൊഴുതശേഷം മാളികപ്പുറം ക്ഷേത്ര പരിസരത്ത് ഗവർണറുടെ സന്ദർശനത്തിന്റെ സ്മരണ നിലനിറുത്താൻ ചന്ദന വൃക്ഷത്തൈ നടും. പതിനൊന്ന് മണിയോടെ അദ്ദേഹം മലയിറങ്ങും.