മലയാലപ്പുഴ: പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. മലയാലപ്പുഴക്കാരുടെ വേനൽക്കാലത്തെ കുടിവെള്ള ക്ഷാമത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നല്ലൂർ, പരുത്തിയാനിക്കൽ, മലയാലപ്പുഴ ടൗൺ, താഴം, മൂർത്തിക്കാവ്, പ്ലാവറപ്പടി, മോളുത്തറമുരുപ്പ്, കോഴികുന്നം, ഇലക്കുളം, അംബേദ്ക്കർ കോളനി, ഇറമ്പാത്തോട് പ്രദേശങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്നത്. ഇവിടുത്തെ ഒട്ടുമിക്ക കുടുംബങ്ങളും പണം കൊടുത്താണ് മാസങ്ങളായി കുടിവെള്ളം വാങ്ങുന്നത്. 14 വാർഡുകളുള്ള പഞ്ചായത്തിലെ 10 വാർഡുകളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കല്ലാറ്റിലെ കടവുപുഴയിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം ഹാരിസൺ പ്ലാന്റേഷനിലെ അരിക്കടയുടെ സമീപത്തെ ടാങ്കുകളിലെത്തുകയും അവിടെ നിന്ന് കാഞ്ഞിരപ്പായിലെ സംഭരണിയിലേക്കുമാണെത്തുന്നത്. കടവുപുഴയിൽ നാല് മോട്ടോറുകളാണ് ഇതിനായി സ്ഥാപിച്ചിട്ടുള്ളത്. ഇവ മാറിയാണ് പ്രവർത്തിപ്പിക്കുന്നത്. ലൈൻ കടന്നു വരുന്ന പ്രദേശങ്ങളിൽ പ്രധാന ലൈനിൽ നിന്നും 1200 ഗാർഹിക കണക്ഷനുകളാണ് നൽകിയിരിക്കുന്നത്. ഇതുമൂലം കാഞ്ഞിരപ്പാറയിലെ സംഭരണിയിലേക്ക് ആവശ്യത്തിന് വെള്ളം ലഭിക്കാതിരിക്കുകയും കാത്തിരപ്പാറയിൽ നിന്ന് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് ആവശ്യത്തിന് വെള്ളം പമ്പ് ചെയ്യാനാവാതെ വരുന്നതുമാണ് പ്രധാന പ്രശ്നം.
പഞ്ചായത്തിന്റെ പിടിപ്പുകേടെന്ന് ആരോപണം
പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കഴിയാത്തത് പഞ്ചായത്ത് ഭരണസമിതിയുടെ പിടിപ്പുകേടാണന്നാണ് ആരോപണം. കുട്ടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടർന്ന് നാട്ടുകാർ വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിജിനിയർക്ക് നിവേദനം കൊടുക്കുകയും, പഞ്ചായത്തോഫീസ് പടിക്കൽ സത്യാഗ്രഹം നടത്തുകയും ചെയ്തു. നടപടിയുണ്ടാവാത്തതിനെ തുടർസമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
----------------------
കടവുപുഴ മുതൽ കാഞ്ഞിരപ്പാറ വരെയുള്ള ഭാഗത്ത് പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ചാൽ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും. ഇതിനായി ജില്ലാ പഞ്ചായത്തിന്റെയും, പഞ്ചായത്തിന്റെയും വിഹിതമായി 80 ലക്ഷം രൂപയുടെ പ്രൊജക്ട് തയാറാക്കിയിട്ടുണ്ട്, പൊതുമരാമത്ത് വകുപ്പിന്റെ കൂടി അനുമതി ലഭിച്ച് പദ്ധതി നടപ്പാകുന്നതോടെ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും.
ഷീലകുമാരി ചാങ്ങയിൽ
(പഞ്ചായത്ത് പ്രസിഡന്റ്)
--------------------
കാഞ്ഞിരപ്പാറയിൽ നിന്ന് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലേക്കും സമീപ പഞ്ചായത്തുകളായ വടശേരിക്കര പഞ്ചായത്തിലെ തലച്ചിറയ്ക്കും, കോന്നി പഞ്ചായത്തിലെ കിഴക്കുപുറത്തേക്കും ലൈനുകളുണ്ടങ്കിലും ഇവ വേണ്ടത്ര പ്രയോജനമില്ല. പൊതിപ്പാട് അയത്തിൽ പടിമുതൽ കാഞ്ഞിരപ്പാറ വരെയുള്ള ഭാഗത്ത് 110 എം.എം ന്റെ പി.വി.സി ലൈൻ നിലവിലുണ്ട്. ഇത് പ്രധാന ലൈനുമായി ബന്ധിപ്പിച്ചാൽ കുടിവെള്ള ലഭ്യതയ്ക്ക് താത്കാലിക പരിഹാരമാകും.
പ്രവീൺ കുമാർ പ്ലാവറ
(സമരസമിതി നേതാവ്)