11-nellu

തിരുവല്ല: അപ്പർ കുട്ടനാടൻ പാടശേഖരങ്ങളിൽ കൊയ്തിട്ടിരുന്ന ക്വിന്റൽ കണക്കിന് നെല്ല് കനത്ത മഴയെ തുടർന്ന് വെളളത്തിലായി.
നിരണം, കടപ്ര പഞ്ചായത്തുകളിലെ പാടശേഖരങ്ങളിൽ നിന്ന് കൊയ്ത് കൂട്ടിയ നെല്ലാണിത്. ശനിയാഴ്ച രാത്രിയിൽ ഏദേശം 4 മണിക്കൂർ തുടർച്ചയായി പെയ്ത മഴയാണ് കർഷകരെ ദുരിതത്തിലാക്കിയത്.
നിരണം പഞ്ചായത്തിലെ ഇരതോട്, ഇടയോടി ചെമ്പ് എന്നീ പാടശേഖരത്തിലും കടപ്ര പഞ്ചായത്തിലെ ചേന്നങ്കരി, അയ്യങ്കോനാരി പാടശേരത്തിലുമാണ് ഏറ്റവും നാശമുണ്ടായത്.
പാടശേഖരങ്ങളിൽ ഇപ്പോഴും വെളളം കെട്ടിക്കിടക്കുകയാണ്. തുടർന്ന് മഴ പെയ്താൽ എന്തുചെയ്യുമെന്നറിയാതെ കർഷകർ അങ്കലാപ്പിലാണ്.
കഴിഞ്ഞ ദിവസമാണ് ഇവിടെ കൊയ്ത്ത് പൂർത്തിയായത്. നെല്ല് നനഞ്ഞതോടെ സിവിൽ സപ്ലൈസ് കോർപ്പറേഷനു വേണ്ടി നെല്ല് ശേഖരിക്കുന്ന ഏജൻസികൾ ഏറ്റെടുക്കുമോ എന്ന ആശങ്കയിലാണ് കർഷകർ. പാടശേഖരങ്ങളിൽ നിന്ന് കര പ്രദേശത്തേക്ക് നെല്ല് മാറ്റാനുള്ള തീവ്രശ്രമം തുടരുകയാണ്.