ചെങ്ങന്നൂർ: വൃദ്ധദമ്പതികൾ താമസിച്ചിരുന്ന വീട് കുത്തിതുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും മോഷ്ടിച്ചു. പുത്തൻകാവ് പിരളശേരി കുന്നേൽ വീട്ടിൽ തോമസ് വർഗീസിന്റെ (82) വീട്ടിലാണ് മോഷണം നടന്നത്. തോമസ് വർഗീസും ഭാര്യ റേയ്ച്ചൽ, ഡ്രൈവർ ശ്രീകുമാർ , വീട്ടുജോലിക്കാരി എന്നിവർ തോമസിന്റെ പുത്തൻകാവിലുള്ള കുടുംബവീട്ടിലായിരുന്നു. രാവിലെ ഡ്രൈവറും ജോലിക്കാരിയും തിരികെ കുന്നേൽ വീട്ടിൽ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഉടൻ പൊലീസിൽ വിവരം അറിയിച്ചു. വീടിന്റെ മുൻഭാഗത്തെ ലോക്ക് തല്ലിതകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയതെന്നാണ് സൂചന. സ്റ്റോർ മുറിയിൽ സൂക്ഷിച്ചിരുന്ന പിക്കാസും, കമ്പിപ്പാരയും വെട്ടുകത്തിയും മറ്റും ഉപയോഗിച്ച ലക്ഷണങ്ങളും ഉണ്ടെന്ന് പൊലീസ് പറഞ്ഞു. മറ്റ് മുറിയുടേയും ലോക്കുകൾ തല്ലിതകർത്തിട്ടുണ്ട്. പ്രധാന മുറിയുടെ അലമാരയിൽ നിന്ന് 50,000 രൂപയും റേയ്ച്ചലിന്റെ കമ്മലും മോഷണം പോയി. ജോലിക്കാരി റേയ്ച്ചലിന്റെ മുറിയിലെ കുപ്പിയിൽ ഇട്ടു സൂക്ഷിച്ച്ചിരുന്ന 5000 രൂപയും നഷ്ട്ടപ്പെട്ടു. മുകളിലത്തെ നിലയിലെ മുറികളും മോഷ്ടാക്കൾ കുത്തിപൊളിച്ചു . അലമാരയിൽ സൂക്ഷിച്ചിരുന്ന വിലയേറിയ വിദേശമദ്യവും കവർന്നു. ആലപ്പുഴയിൽ നിന്ന് ഡോഗ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി. ചെങ്ങന്നൂർ സി.ഐ ബിജുകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.