പത്തനംതിട്ട: ആറന്മുള നിയമസഭാ മണ്ഡലത്തിൽ പത്തനംതിട്ട മാർത്തോമ്മാ ഹൈസ്‌കൂളിലെ ഫെസിലിറ്റേഷൻ സെന്ററിൽ വോട്ടു ചെയ്ത 23 ഉദ്യോഗസ്ഥർക്ക് വരണാധികാരിയുടെ ഓഫീസ് പോസ്റ്റൽ ബാലറ്റ് അയച്ചതായി പരാതി. ഇതിന്റെ തെളിവുകൾ സഹിതം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടർക്ക് പരാതി നൽകിയതായി യു.ഡി.എഫ് ചീഫ് ഇലക്ഷൻ ഏജന്റും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ വി.ആർ.സോജി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 23 പേർക്കും അടിയന്തരമായി വരണാധികാരി നോട്ടീസ് അയച്ച് ബാലറ്റ് പേപ്പറുകൾ തിരികെ വാങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബാലറ്റ് തിരികെ നൽകാതെ വോട്ട്
ചെയ്യുന്നവരുടെ പേരിൽ ജനപ്രാതിനിധ്യനിയമം 62 (4) പ്രകാരം കേസ് എടുക്കണം.
ആറന്മുള മണ്ഡലത്തിൽ മാത്രം 80 വയസ്സിന് മുകളിലുളള 4629 പേർ വോട്ട് ചെയ്തിട്ടുണ്ട്. അംഗവൈകല്യമുളളവർ 419, കൊവിഡ് പോസിറ്റീവ് 20, സർവീസ് വോട്ടുകൾ 726, തിിരഞ്ഞെടുപ്പ് ഡ്യൂട്ടി
958, ഫെസിലിറ്റേഷൻ സെന്ററിൽ വോട്ടു ചെയ്തവർ 598. ഈ വോട്ടുകൾ പ്രത്യേകം എണ്ണണമെന്നും കൗണ്ടിംഗ് സ്റ്റേഷനിൽ മാർക്ക്ഡ് കോപ്പി ലഭ്യമാക്കണമെന്നും വി.ആർ.സോജി പറഞ്ഞു. രണ്ടു പ്രാവശ്യം വോട്ടു ചെയ്യുന്നവരെ കണ്ടുപിടിക്കാതിരിക്കാൻ വോട്ടുകൾ കലർത്തി
എണ്ണാൻ കമ്മിഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇത്തരം വോട്ടുകൾ പ്രത്യേകം എണ്ണുമെന്ന് ആദ്യം ഉത്തരവിറക്കിയെങ്കിലും പിന്നീട് കൗണ്ടിംഗ് ദിവസം രാവിലെ കമ്മിഷൻ പുതിയ ഉത്തരവ് ഇറക്കി. ക്രമക്കേടുകൾ കണ്ടുപിടിക്കാതിരിക്കാൻ വേണ്ടിയായിരുന്നു ഇതെന്ന് അദ്ദേഹം ആരോപിച്ചു.
ഈ തിരഞ്ഞെടുപ്പിലും ഇത് ആവർത്തിച്ചാൽ കളളവോട്ടുകൾ കണ്ടുപിടിക്കാൻ കഴിയില്ല. തിരഞ്ഞെടുപ്പ് കമ്മിഷനിലെ സി.പി.എം. അനുകൂല ഉദ്യോഗസ്ഥരാണ് ഈ ക്രമക്കേടുകൾക്ക് നേതൃത്വം നൽകുന്നത്. ഇരട്ടവോട്ടുകൾ സംബന്ധിച്ച രേഖകൾ പ്രതിപക്ഷ നേതാവ് പുറത്തുവിട്ടപ്പോൾ കളളവോട്ട് ചെയ്യാൻ പലരും മടിച്ചു. അതിനെ അതിജീവിക്കാനാണ് പ്രത്യേക പോസ്റ്റൽ ബാലറ്റിൽ മേൽ വിവരിച്ച ക്രമക്കേടുകൾ ബോധപൂർവം നടത്തിയതെന്നും സോജി പറഞ്ഞു.