പത്തനംതിട്ട: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ബയോ ഫ്ലോക്ക് മത്സ്യക്കൃഷി നടത്തിയ ഭൂരിഭാഗം ഗുണഭോക്താക്കൾക്കും സാമ്പത്തിക വർഷം കഴിയുമ്പോഴും സബ്‌സിഡി ലഭിച്ചിട്ടില്ല. ബയോഫ്ലോക്ക് രീതിയിൽ മത്സ്യക്കൃഷി നടത്താൻ ഒരു വർഷത്തേക്ക് 1,38,000 രൂപയാണ് ചെലവ് . ഇതിൽ 36,800 രൂപ തദ്ദേശസ്ഥാപനവും 18,400 രൂപ ഫിഷറീസ് വകുപ്പും ബാക്കി സർക്കാരുമാണ് നൽകുന്നത്.
ലോക്ക് ഡൗൺ കാലത്ത് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്ത് മത്സ്യക്കൃഷി തുടങ്ങിയ സംരംഭകർക്ക് സർക്കാർ പ്രഖ്യാപിച്ച സബ്‌സിഡി കിട്ടിയിട്ടില്ല. വിളവെടുപ്പിന് പാകമായ മത്സ്യത്തിന് മതിയായ വിലയും വിപണിയിൽ ലഭിക്കുന്നില്ല. ആവശ്യമായ സ്ഥലസൗകര്യവും മത്സ്യക്കൃഷിയിൽ താൽപര്യവും ഉള്ളവരിൽ നിന്ന് തദ്ദേശസ്ഥാപനങ്ങൾ മുഖേന അപേക്ഷ ക്ഷണിച്ചാണ് പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്.
ഈ സാമ്പത്തിക വർഷം സബ്‌സിഡി നൽകാനായില്ലെങ്കിലും അടുത്ത വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നൽകാനാവുമെന്നാണ് ഫിഷറീസ് വകുപ്പിന്റെ വിശദീകരണം. ഒരു യൂണിറ്റ് നിർമ്മിക്കുന്നതിന്റെ ചിലവ് 1.30 ലക്ഷം രൂപയാണ്. ഓരോ യൂണിറ്റിൽ നിന്നും 500 കി.ഗ്രാം മത്സ്യോല്പാദനം പ്രതീക്ഷിക്കാം. അതുവഴി ഒരു ലക്ഷം രൂപ വരെ വരുമാനം ഉണ്ടാക്കാം. ഏകദേശം നൂറിലധികം അപേക്ഷയാണ് ജില്ലയിൽ ബയോഫ്ലോക്ക് മത്സ്യകൃഷിയ്ക്ക് ലഭിക്കുന്നത്.
ബയോഫ്ലോക്ക് മത്സ്യകൃഷി
ജലലഭ്യത കുറവുള്ള സ്ഥലങ്ങളിലും കുളങ്ങൾ ഇല്ലാതെയും മത്സ്യകൃഷി ചെയ്യാവുന്ന നൂതന കൃഷിരീതിയാണ് ബയോഫ്ലോക്ക് മത്സ്യകൃഷി. ജലത്തിലെ അമോണിയയെ നിയന്ത്രിച്ച് മത്സ്യത്തിനാവശ്യമായ സൂഷ്മമജീവികൾ അടങ്ങുന്ന ആഹാരം ടാങ്കിൽ തന്നെ ഉൽപാദിപ്പിച്ച് മത്സ്യം വളർത്തുന്ന രീതിയാണിത്. നാലു മീറ്റർ വ്യാസവും 1.2 മീറ്റർ നീളവുമുള്ള ഏഴു ടാങ്കുകളാണ് പദ്ധതിയിൽ നിർമിക്കേണ്ടത്.
7.5 ലക്ഷം രൂപ ചെലവിടുമ്പോൾ 40 ശതമാനം സർക്കാർ ധനസഹായം ലഭിക്കും. ആറു മാസം കൊണ്ട് വിളവെടുക്കാവുന്ന നൈൽ തിലാപ്പിയ മത്സ്യമാണ് നിക്ഷേപിക്കുക.
അപേക്ഷിക്കുന്ന രീതി
സ്ഥലസൗകര്യമുള്ളവർക്കും മത്സ്യകൃഷിയിൽ താത്പര്യമുള്ളവർക്കും ഈ പദ്ധതിയിൽ ഗുണഭോക്താവ് ആകാം. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന അപേക്ഷ ക്ഷണിക്കും.
തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ ഭരണ സമിതി പ്രതിനിധി ചെയർമാനും കൃഷി വകുപ്പ് , ഫിഷറീസ് വകുപ്പിലെ നിർവഹണ ഉദ്യോഗസ്ഥനും അംഗങ്ങളുമായ ഒരു സമിതി അപേക്ഷകരുടെ സ്ഥലം പരിശോധന നടത്തി ഗുണഭോക്ത്യ സാദ്ധ്യത പട്ടിക തയ്യാറാക്കും.
"ബയോ ഫ്ലോക്കുമായി ബന്ധപ്പെട്ട് പരാതികൾ ഒന്നും ലഭിച്ചിട്ടില്ല. ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുമായിരിക്കും. മത്സ്യ കൃഷിക്കാർക്ക് വളരെ ഉപകാരപ്രദമായ പദ്ധതിയാണിത്. "
ഫീഷറീസ് വകുപ്പ് അധികൃതർ