തിരുവല്ല: നഗരത്തിലെ ഔട്ടർ റിംഗ് റോഡിന്റെ ഭാഗമായ കുറ്റൂർ - മനയ്ക്കചിറ റോഡിന്റെ അവസാനഘട്ട ടാറിംഗ് കഴിഞ്ഞ ദിവസം പൂർത്തിയാക്കി. എന്നാൽ കുറ്റൂരിലെ റെയിൽവേ അടിപ്പാതയുടെ സമീപത്തെ 50 മീറ്ററോളം ഭാഗം ഒഴിച്ചിട്ടാണ് ടാറിംഗ് ചെയ്‌തത്. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ റോഡ് ടാറിംഗ് ചെയ്‌ത് യാത്രാസൗകര്യം മെച്ചപ്പെടുത്തിയെങ്കിലും ഒഴിവാക്കിയ ഇത്രയും ഭാഗം ആര് പൂർത്തിയാക്കുമെന്ന് അറിയാതെ ആശങ്കയിലാണ് നാട്ടുകാർ. ഈ ഭാഗത്തെ കുഴികൾ മൂടുകയോ സഞ്ചാരയോഗ്യമാക്കുകയോ ചെയ്തിട്ടില്ല. റെയിൽവേയുടെ അധീനതയിലുള്ള ഭാഗത്താണ് ടാറിംഗ് ഒഴിവാക്കിയത്. എന്നാൽ റെയിൽവേ ഈ ഭാഗം സഞ്ചാരയോഗ്യമാക്കാനുള്ള സാദ്ധ്യതയില്ലെന്നും ആക്ഷേപമുണ്ട്.
പുതിയ പാലനിർമ്മാണം ആരംഭിച്ചില്ല
കോടികൾ മുടക്കി പുനർ നിർമ്മിക്കുന്ന ഈ റോഡിൽ പുലിയതോട് പാലത്തിനോട് ചേർന്ന് പുതിയ പാലത്തിന്റെ നിർമാണം ആരംഭിക്കാത്തതും കല്ലുകടിയായിട്ടുണ്ട്. തിരുവല്ല - ആറന്മുള നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണിത്. വീതി കുറഞ്ഞ നിലവിലെ പാലത്തിൽ അപകട സാദ്ധ്യതയുണ്ട്. ഇതിനിടെയാണ് റെയിൽവേ അടിപാതയ്ക്ക് സമീപത്തും യാത്രക്കാർക്ക് ഭീഷണിയായി റോഡിന്റെ തകർച്ചയും. പ്രശ്‌ന പരിഹാരത്തിന് അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
-50 മീറ്ററോളം ഭാഗം ഒഴിച്ചിട്ടു
-കുഴികൾ മൂടിയില്ല
-പ്രശ്ന പരിഹാരത്തിന് അടിയന്തര നടപടിവേണം