തിരുവല്ല: കാർഷിക ഗ്രാമീണ മേഖലയായ മേപ്രാലിലെ ജനങ്ങൾ രാത്രികാലത്തെ വൈദ്യുതി മുടക്കം മൂലം കടുത്ത ദുരിതത്തിലാണ്. പെരിങ്ങര പഞ്ചായത്തിലെ അതിർത്തി പ്രദേശമായ ഇവിടെ ഇരുട്ടിനെ മറയാക്കി മോഷണങ്ങളും ശക്തമായി. മഴക്കാലമായതോടെ പ്രദേശത്ത് അടിക്കടി വൈദ്യുതി മുടങ്ങുന്നത് പതിവായിരിക്കുകയാണ്. മണിപ്പുഴ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിന്റെ പരിധിയിലാണ് ഈ പ്രദേശം. ഇവിടേക്ക് പരാതി അറിയിക്കാൻ ഫോൺ വിളിച്ചാൽ കിട്ടാറില്ല. ജീവനക്കാരെ വിളിച്ചാൽ നിരുത്തരവാദിത്വപരമായ സമീപനമാണ് അവർ സ്വീകരിക്കുന്നതെന്നും നാട്ടുകാർ പരാതിപ്പെടുന്നു. അടുത്തകാലത്ത് വാഹനങ്ങളിൽ നിന്നും പെട്രോൾ മോഷണം ഉൾപ്പെടെ ഇവിടെ പതിവാണ്. മരച്ചില്ലകളാണ് വൈദ്യുതി മുടക്കുന്നതെന്ന അധികൃതരുടെ പതിവ് മറുപടി ഒഴിവാക്കി തുടർച്ചയായി വൈദ്യുതി മുടക്കം നേരിടുന്ന ഈ പ്രദേശത്ത് കേബിൾ സംവിധാനത്തിലേക്ക് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.