kadavu

കോഴഞ്ചേരി : വേനലിൽ മെലിഞ്ഞെങ്കിലും നമ്മുടെ നദികൾ അപകടകാരികളായി മാറുകയാണ്. കടവുകളിൽ കുളിക്കാൻ ഇറങ്ങി മുങ്ങിമരിക്കുന്നവരുടെ എണ്ണം അനുദിനം വർദ്ധിക്കുന്നു. കഴിഞ്ഞാഴ്ച റാന്നി മന്ദമരുതിയിൽ ചേത്തയ്ക്കൽ സ്വദേശിയായ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചതിന് പിന്നാലെ ചെങ്ങന്നൂർ പുത്തൻകാവ് കൊച്ചുപള്ളി കടവിന് സമീപം നീന്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവാവ് മുങ്ങിമരിച്ചു. ജില്ലാ അതിർത്തിയായ വീയപുരത്ത് പമ്പാനദിയിൽ മൂന്ന് യുവാക്കൾ മുങ്ങിമരിച്ചത് ഒരാഴ്ച മുമ്പാണ്. പമ്പാ, മണിമല, അച്ചൻകോവിൽ നദികളിലാണ് മരണക്കയങ്ങൾ ഏറെയും.

ജില്ലയിൽ ഖനനം കഴിഞ്ഞ് ഉപേക്ഷിച്ച പാറമടകളിലും പി.ഐ.പി കനാലുകളിലും ഇറങ്ങി അപകടത്തിൽപ്പെടുന്നവരും കുറവല്ല. നീന്തലിന്റെ ബാലപാഠം മാത്രം അഭ്യസിച്ചവർ ജലാശയങ്ങളുടെ സ്വഭാവം അറിയാതെ ഇറങ്ങുന്നത് അപകടത്തിന് കാരണമാകുന്നു. കൂടാതെ ലഹരി ഉപയോഗിച്ച ശേഷം വെള്ളത്തിൽ ഇറങ്ങുന്നവരും അപകടത്തിൽപ്പെടുന്നുണ്ട്.

നദികളിലെയും ജലാശയങ്ങളിലെയും ചുഴി, അടിയൊഴുക്ക്, മുങ്ങാങ്കുഴി ഇടുന്നവരുടെ കാലിൽ തറയ്ക്കുന്ന കരിങ്കൽ ചീളുകൾ എന്നിവയാണ് നദിയിൽ നീന്തുന്നവരെ മരണക്കയത്തിലേക്ക് എത്തിക്കുന്ന ഘടകങ്ങൾ. ഇവയെക്കുറിച്ച് ധാരണയില്ലാത്തവരാണ് കൂടുതലും മുങ്ങിമരണങ്ങൾക്ക് വിധേയമാകുന്നത്. സുഹൃത്തുക്കളുമായി വരുന്നവർ കൂടെയുള്ളവരുടെ മുൻപിൽ ഹീറോ ആകാൻ ശ്രമിക്കുന്നതാണ് കൂടുതലും അപകടത്തിന് കാരണമാകുന്നത്. നദിയിൽ മൺപുറ്റും പുല്ലും വളർന്നു നിൽക്കുന്ന ഭാഗത്ത് ആഴം കുറവാണെന്ന് കരുതി ഇറങ്ങുന്നവരും നദിയിലെ അപകടങ്ങൾക്ക് ഇരയാകേണ്ടിവരുന്നു. വെള്ളത്തിൽ അകപ്പെടുന്നവരെ കയറോ കമ്പോ നീളമുള്ള തുണിയോ ഇട്ടുനൽകി രക്ഷപ്പെടുത്താവുന്നതാണ്. നന്നായി നീന്തലറിയാവുന്നവർ മാത്രമെ ഈ ദൗത്യത്തിന് നദിയിൽ ഇറങ്ങാവൂ. മുങ്ങിപ്പൊങ്ങുന്നയാൾ രക്ഷാ പ്രവർത്തകന്റെ ശരീരത്തിൽ കയറിപ്പിടിക്കാൻ അനുവദിക്കരുത്. മുങ്ങിപ്പൊങ്ങുന്ന ആളുടെ തലയും കാലും സമാന്തരമായി നിറുത്തിയാണ് കരയിലേക്ക് കൊണ്ടുവരേണ്ടത്.


മരണക്കയമായ തേലപ്പുഴക്കടവ്

മണിമലയാറ്റിലെ വാഴ്പൂര് തേലപ്പുഴക്കടവ് മരണക്കയമായി മാറിയിരിക്കുകയാണ്. 40 ൽ അധികം ജീവനുകൾ ഇതുവരെ ഇവിടെ പൊലിഞ്ഞതായി നാട്ടുകാർക്ക് ഒാർമ്മയുണ്ട്. സമീപത്തെ തൂക്കുപാലം കാണാൻ എത്തിയവരാണ് ഇവിടെ അപകടത്തിൽപ്പെട്ടതിലേറെയും.

മുങ്ങിമരണം തടയേണ്ട വിധം

1.വിദ്യാർത്ഥികളെ ശാസ്ത്രീയമായി നീന്തൽ പരിശീലിപ്പിക്കണം..

2. പ്രഥമ ശുശ്രൂഷാ പരിശീലനം നൽകണം.

3. ഖനനം കഴിഞ്ഞ പാറമടകളിലും ജലാശയങ്ങളിലും അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണം, ലൈഫ് ഗാർഡുകളെയും നിയമിക്കണം.