പത്തനംതിട്ട: ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫ് ചരിത്ര വിജയം നേടുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം വിലയിരുത്തി. സർക്കാരിന്റെ അഴിമതിയും ശബരിമല വിശ്വാസികളോടുള്ള വെല്ലുവിളിയും തിരഞ്ഞെടുപ്പിൽ ജില്ലയിൽ യു.ഡി.എഫിന് അനുകൂലമായ നിശബ്ദ തരംഗം ഉണ്ടാക്കിയിട്ടുണ്ട്. മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കോൺഗ്രസിന്റെ എല്ലാ നേതാക്കളും ഘടകങ്ങളും യോജിപ്പോടെയുള്ള പ്രവർത്തനം ഈ തിരഞ്ഞെടുപ്പിൽ നടത്തിയിട്ടുണ്ട്. സ്ഥാനാർത്ഥികളുടെ മികവും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെയും യു.ഡി.എഫിന്റെയും മികച്ച രീതിയിലുള്ള പ്രവർത്തനവും വിജയത്തിന് അനുകൂലമായ ഘടകമായിരുന്നു.
പ്രസിഡന്റ് ബാബു ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയമസഭാ സ്ഥാനാർത്ഥികളായ കെ. ശിവദാസൻ നായർ, റിങ്കു ചെറിയാൻ, റോബിൻ പീറ്റർ, കെ.പി.സി.സി സെക്രട്ടറിമാരായ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, എൻ. ഷൈലാജ്, അനീഷ് വരിക്കണ്ണാമല, മുൻ എം.എൽ.എ മാലേത്ത് സരളാദേവി, കെ. ജയവർമ്മ, റജി തോമസ്, ജോർജ്ജ് മാമ്മൻ കൊണ്ടൂർ, ബാബുജി ഈശോ, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാർ, കെ.കെ റോയിസൺ, വെട്ടൂർ ജ്യോതിപ്രസാദ്, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൾ സലാം, ജേക്കബ് പി.ചെറിയാൻ, വി.ആർ. സോജി, സുനിൽ എസ്.ലാൽ, കെ. ജാസിം കുട്ടി, കെ.എൻ.അച്ചുതൻ എന്നിവർ പ്രസംഗിച്ചു.