കോന്നി : നാടിറങ്ങുന്ന കാട്ടാനകൾ മലയോര നിവാസികളുടെ ഉറക്കം കെടുത്തുന്നു. ഒറ്റതിരിഞ്ഞും കൂട്ടത്തോടെയും എത്തുന്ന ആനകൾ ജനങ്ങളുടെ ജീവനും സ്വത്തിനും ഒരുപോലെ ഭീഷണിയായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ പ്രതിരോധ നടപടികളും ഉണ്ടായിട്ടില്ലെന്ന ആരോപണം ശക്തമാണ്. രാത്രിയിൽ എത്തുന്ന ആനകൾ പ്രദേശവാസികളുടെ കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നുണ്ട്. കോന്നി വനമേഖലയോട് ചേർന്നുള്ള ഭാഗങ്ങൾ, മണ്ണീറ, അതിരുങ്കൽ, ചിറ്റാർ, സീതത്തോട്, ആങ്ങമൂഴി ഭാഗങ്ങളിലാണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്.

ഏത്തവാഴ, കാച്ചിൽ, ചെമ്പ്, ചേന, പാവൽ, പടവലം, മത്ത, വെള്ളരി, കപ്പ തുടങ്ങിയവയാണ് വ്യാപകമായി നശിപ്പിക്കപ്പെടുന്നത്. ഇതിന് പുറമെ തെങ്ങ്, കമുക് , കുരുമുളക് കൃഷി എന്നിവയും കുത്തിമറിയ്ക്കുന്നുണ്ട്. മലയോര മേഖലയായ മണ്ണീറ പ്രധാന ഉപജീവന മാർഗം കൃഷിയാണ്. ഇത് വ്യാപകമായി നശിപ്പിക്കപ്പെടുന്നതോടെ ജീവിതം വഴിമുട്ടുന്ന അവസ്ഥയിലാണ് പ്രദേശവാസികൾ. റബറിന് വിലിയിടിവും നേരിടുന്ന സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിൽക്കുകയാണ് ജനങ്ങൾ.

ചക്ക തിന്നാൻ കൂട്ടത്തോടെ എത്തും

ചക്കകൾ തിന്നാനാണ് ആനകൾ ഇപ്പോൾ കൂട്ടത്തോടെ നാടിറങ്ങുന്നത്. പഴുത്ത ചക്കയ്ക്കും പ്രിയം ഏറെയാണ്. താഴ്ന്ന ഭാഗത്ത് നിന്ന ചക്കകൾ തീർന്നതോടെ പ്ളാവുകൾ കുത്തിമറിയ്ക്കാൻ ശ്രമിച്ച നിലയിലാണ്. തീ കത്തിച്ചും പടക്കം പൊട്ടിച്ചും ആനകളെ തുരത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും വ്യാപകമായി കൃഷി നശിപ്പിച്ച ശേഷമാണ് ഇവ മടങ്ങി പോകുന്നത്. ഇതു സംബന്ധിച്ച് വനപാലകരോട് പരാതികൾ പറഞ്ഞ് മടുത്തതായും ഇവിടേക്ക് അധികൃതർ തിരിഞ്ഞുനോക്കാറില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.

നഷ്ടപരിഹാരവും പേരിന്

തുശ്ചമായ തുകമാത്രമാണ് നഷ്ടപരിഹാരമായി ലഭിക്കുന്നത്. പരാതികളുമായി കയറിയിറങ്ങുമ്പോൾ ചെലവാകുന്ന തുക പോലും നഷ്ടപരിഹാരമായി ലഭിക്കാതായതോടെ മിക്കവരും പ്രതിസന്ധിയിലാണ്. നാട്ടിൽ ഇറങ്ങി കൃഷിനാശം വരത്തുകയും ഭീകരത സൃഷ്ടിക്കുകയും ചെയ്യുന്ന ആനകൾ ഉൾപ്പടെയുള്ള വനൃമൃഗങ്ങളെ തുരത്താൻ വനപാലകർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


-----------------

ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി നാശം വിതയ്ക്കുന്നതിന് പരിഹാരം കാണാൻ അടിയന്തരമായി ജനപ്രതിനിധികൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ, വനസംരക്ഷണ സമിതി പ്രവർത്തകർ എന്നിവരുടെ യോഗം വിളിച്ച് ശാശ്വത പരിഹാരം കാണണം.

പ്രവീൺ പ്ളാവിളിയൽ

(കോന്നി ബ്ളോക്ക്

പഞ്ചായത്ത് മെമ്പർ)