covid-test

പത്തനംതിട്ട: കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ രോഗലക്ഷണമുള്ളവരും സമ്പർക്കത്തിലുള്ളവരും നിർബന്ധമായും കൊവിഡ് ടെസ്റ്റ് ചെയ്യണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനം. ജില്ലയിൽ കൊവിഡ് പരിശോധന വർദ്ധിപ്പിക്കുന്നതിനൊപ്പം പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണവും വർദ്ധിപ്പിക്കും. രോഗലക്ഷണമുള്ളവരും സമ്പർക്കത്തിലുള്ളവരും കൊവിഡ് ടെസ്റ്റ് ചെയ്യുന്നെന്ന് അതത് മെഡിക്കൽ ഓഫീസർമാരും വാർഡ്തല സമിതിയും ഉറപ്പുവരുത്തണം. തിരുവല്ല, റാന്നി എന്നീ താലൂക്കുകളിൽ പുതിയ സി.എഫ്.എൽ.ടി.സികൾ ആരംഭിക്കും. ജില്ലയിൽ വാക്സിനേഷൻ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. ജില്ലയിലെ വാക്സിനേഷൻ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) അംഗങ്ങളുടെ സഹായം തേടും. കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടുതൽ നിയന്ത്രണം കൊണ്ടുവരും. രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കൊവിഡ് രോഗികളെ ചികിത്സിക്കാൻ സ്വകാര്യ ആശുപത്രികളുടെ സഹായം ഉപയോഗപ്പെടുത്തും.
കൊവിഡിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ വാർഡുതല ജാഗ്രതാ സമിതികൾ ചേരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ പറഞ്ഞു. പൊതുജനങ്ങളെ ബോധവത്കരിക്കുകയും പൊതു ഇടങ്ങളിലെ ആളുകളുടെ എണ്ണം ക്രമീകരിക്കുകയും ചെയ്യണം. സി.എഫ്.എൽ.ടി.സികൾ പ്രവർത്തനം ആരംഭിക്കാനുള്ള സജീകരണങ്ങൾ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങൾക്കിടയിൽ കൊവിഡ് ബോധവത്കരണം വർദ്ധിപ്പിക്കാനായി ജില്ലാ കളക്ടറുടെയും ജില്ലാ മെഡിക്കൽ ഓഫീസറുടെയും നേതൃത്വത്തിൽ ജനപ്രതിനിധികളെ ഉൾക്കൊള്ളിച്ചുകൊണ്ട് വരും ദിവസങ്ങളിൽ വിവിധയിടങ്ങളിലായി യോഗങ്ങൾ ചേരും.
ജില്ലാ കളക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡീഷണൽ എസ് .പി എൻ. രാജൻ, ദുരന്തനിവാരണ വിഭാഗം ഡെപ്യുട്ടി കളക്ടർ ആർ.ഐ. ജ്യോതിലക്ഷ്മി, പ്രിൻസിപ്പൽ അഗ്രികൾചർ ഓഫീസർ അനില മാത്യു, പത്തനംതിട്ട സ്റ്റേഷൻ ഫയർ ഓഫീസർ വിനോദ് കുമാർ, ഡി.എം.ഒ (ആരോഗ്യം) ഡോ. എ.എൽ. ഷീജ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സി.എസ് നന്ദിനി തുടങ്ങിയവർ പങ്കെടുത്തു.

148 പേർക്ക് കൊവിഡ്

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 148 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ മൂന്നു പേർ വിദേശത്ത് നിന്ന് വന്നതും, 11 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 134 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ഏഴു പേരുണ്ട്.

ജില്ലയിൽ ഇതുവരെ ആകെ 61,986 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 55,967 പേർ സമ്പർക്കം മൂലംരോഗം ബാധിച്ചവരാണ്.

ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതതനായ ഒരാളുടെ മരണം റിപ്പോർട്ട് ചെയ്തു. തിരുവല്ല സ്വദേശി (50) ആണ് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മരിച്ചത്.

ജില്ലയിൽ ഇന്നലെ 132 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 59,881 ആണ്.