13-pdm-bank-manager
രാജമ്മയ്ക്ക് പന്തളം സഹകരണ ബാങ്ക് മാനേജർ സുശീല പ്രമാണം കൈമാറുന്നു

പന്തളം: ബാങ്കിന്റെ കാരുണ്യത്താൽ രാജമ്മയ്ക്ക് കിടപ്പാടം തിരികെ ലഭിച്ചു. തോന്നല്ലൂർ ഇളശേരിൽ കെ.രാജമ്മയ്ക്ക് കേരള സംസ്ഥാന സഹകരണ ബാങ്ക് പന്തളം ശാഖയുടെ ജീവനക്കാരുടെ കൂട്ടായ്മയാണ് തുണയായത്. 2008 മേയ് 30നാണ് ജില്ലാ സഹകരണ ബാങ്ക് പന്തളം ശാഖയിൽ നിന്നും വീടിന്റെ നിർമാണത്തിനായി ഒരുലക്ഷം രൂപ വായ്പ എടുത്തത് . അച്ഛന്റെയും അമ്മയുടെയും മൂത്ത സഹോദരൻ, സഹോദരി എന്നിവരുടെ മരണത്തോടെ വായ്പ തിരിച്ചടക്കാൻ രാജമ്മയ്ക്ക് കഴിയാതെയായി. 2010 നവംബർ നാലിന് ബാങ്ക് ജപ്തി നടപടി ക്രമത്തിന്റെ ഭാഗമായി വീട്ടിൽ നോട്ടീസ് പതിച്ചു. തവണ വ്യവസ്ഥ അടയ്ക്കാത്തതിനെ തുടർന്ന് പലിശ സഹിതം 2,45000രൂപായിരുന്നു. കഴിഞ്ഞ മാർച്ച് 16ന് സംഘടിപ്പിച്ച അദാലത്തിൽ 1,28,496 രൂപ അദാലത്തിൽ കുറവ് ചെയ്തു. ബാക്കി തുകയുടെ കാര്യം ബാങ്ക് തീരുമാനിക്കാമെന്ന് നിർദ്ദേശമുണ്ടായി. പിന്നീട് ബാങ്ക് ജീവനക്കാരും, മുൻ ജീവനക്കാരേയും ഉൾപ്പെടുത്തി വാട്സ് അപ് ഗ്രൂപ്പ് ഉണ്ടാക്കി. രാജമ്മയുടെ ദയനീയകഥ മാനേജർ കെ.സുശീല വിവരിച്ചു. രാജമ്മയുടെ പേരിൽ അക്കൗണ്ട് ആരംഭിച്ചു. തുടർന്ന് അക്കൗണ്ടിലേക്ക് വന്ന 98, 8,628 രൂപ പിരിഞ്ഞുകിട്ടി. ഇന്നലെ ഉച്ചയോടു കൂടി രാജമ്മയെ ബാങ്കിൽ വിളിച്ച് വരുത്തി ലോൺ തീർത്ത് പ്രമാണം നൽകി. പത്ത് സെന്റ് സ്ഥലത്തെ ഇനിയും പണി പൂർത്തീകരിക്കാത്ത വീട് രാജമ്മയ്ക്ക് സ്വന്തം. പണിതീരാത്ത വീട്ടിൽ മേൽകൂര ഷീറ്റ് പാകി അവിടെയാണ് താമസം. ബാങ്ക് മാനേജരുടെ ജീവിത അനുഭവമാണ് ഇത്തരത്തിലുള്ള കാരുണ്യ പ്രവർത്തനത്തിന് പ്രേരിപ്പിച്ചത്.