13-pdm-dharna
ആശാ പ്രവർത്തകരെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് കൗൺസിലർമാർ പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ ധർണ്ണ

പന്തളം: കൊവിഡ് രൂക്ഷമായിട്ടും ആശാ പ്രവർത്തകരെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് കൗൺസിലർമാർ പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ധർണ നടത്തി. ഏഴ്, ഒമ്പത് ഡിവിഷനുകളിൽ ആശാ പ്രവർത്തരില്ലാത്തതിൽ പ്രതിഷേധിച്ചാണ് കൗൺസിലർമാരായ കെ.ആർ. രവി, സക്കീർ എന്നിവരുടെ നേതൃത്വത്തിൽ സമരം നടത്തിയത്. ഇന്നലെ രാവിലെ 9ന് ഇരുവരും ധർണ തുടങ്ങിയത്. പിന്നീടു നഗരസഭാദ്ധ്യക്ഷ സുശീല സന്തോഷ് ഉൾപ്പെടെ ബാക്കി 31 കൗൺസിലർമാരും ഇവരെ പിന്തുണച്ചു സമരത്തിൽ പങ്കുചേർന്നു. 11ന് ജില്ലാ ആശാ കോ-ഓർഡിനേറ്റർ ലയാ സി.ചാക്കോ സ്ഥലത്തെത്തി ചർച്ച നടത്തി. പൂഴിക്കാട് ഉപകേന്ദ്രത്തിൽ അധികമുള്ള ആശമാരായ അനിതയെ ഏഴാം ഡിവിഷനിലും രാജമ്മയെ ഒമ്പതാം ഡിവിഷനിലും തീരുമാനിച്ചു. എന്നാൽ അവർ സമ്മതപത്രം എഴുതി നല്കാൻ തയാറാകാതിരുന്നതോടെ ഇവരെ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് നഗരസഭാദ്ധ്യക്ഷ കർശന നിലപാടെടുത്തു. ഇതോടെയാണ് ഇരുവരും സന്നദ്ധരായതും എഴുതിക്കൊടുത്തതും. നഗരസഭാ ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ രാധാകൃഷ്ണൻ ഉണ്ണിത്താൻ, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.എസ്.നിഷ, ഹെൽത്ത് ഇൻസ്‌പെക്ടർ മനോജ് കെ.എസ്, എൻ.എച്ച്.എം പന്തളം പി.ആർ.ഒ ബിജി പി.റജി എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ഏഴാം ഡിവിഷനിൽ അഞ്ചു വർഷവും ഒമ്പതിൽ രണ്ടു വർഷവുമായി ആശാ പ്രവർത്തർ ഇല്ലാതായിട്ട്. ഉണ്ടായിരുന്നവർ സർക്കാർ ജോലി ലഭിച്ചു പോയതാണ് കാരണം. രണ്ടു വർഷം മുമ്പുതന്നെ പകരം ആശമാരെ തീരുമാനിച്ചെങ്കിലും നടപ്പാക്കിയിരുന്നില്ല. ഇതു കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചിരുന്നു. ഇതോടെയാണ് കൗൺസിലർമാരെ സമരത്തിലേക്കു നയിച്ചത്.