പത്തനംതിട്ട: നഗരത്തിൽ പേപ്പട്ടി ശല്യം. പൊലീസുകാരനും കളക്ടറേറ്റ് ജീവനക്കാരിയും ഉൾപ്പെടെ നാല് പേർക്ക് കടിയേറ്റു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലാണ് പേപ്പട്ടിയിറങ്ങിയത്. ഇവിടെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ അഭിലാഷിനെ (28)യാണ് ആദ്യം കടിച്ചത്. പിന്നീട് ഇതുവഴി നടന്നു പോയ സിബി വർഗീസിന് (15) നേരെ ചാടി വീണു. തുടർന്ന് കളക്ടറേറ്റ് ജീവനക്കാരി ലോലിതയ്ക്ക് (44) കടിയേറ്റു. മാരുതി പോപ്പുലർ സർവീസ് ജീവനക്കാരൻ കോട്ടയം സ്വദേശി അജയ് പീറ്റർക്കും (32) കടി കിട്ടി. എല്ലാവർക്കും കൈക്കും കാലിനുമാണ് മുറിവ്. നാല് പേരും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്ന് കളക്ടറേറ്റ് ഭാഗത്തേക്ക് ഒാടിയ പട്ടിയെ ഇന്നലെ രാത്രി വരെ കണ്ടുകിട്ടിയില്ല.