ളാഹ: മൂന്നാറിലും വാഗമണ്ണിലും കാണുന്ന പ്രകൃതിഭംഗി ശബരിമല പാതയിൽ ളാഹയിലും. ഹാരിസൺ പ്ളാന്റേഷൻ കോർപ്പറേഷന്റെ റബർ തോട്ടങ്ങൾ വെട്ടിമാറ്റിയപ്പോൾ വശ്യമോഹനമാണ് ഇവിടം. ശബരിമല റോഡിൽ ളാഹ വലിയവളവ് കയറിയാൽ ഇടതു വശത്ത് മലമടക്കുകളും അതിനിടയിലൂടെ പമ്പയുടെ ഒഴുക്കും കാണാം. വിദൂരതയിലേക്ക് നോക്കി നിന്ന് മതിവരുവോളം കാണാനുണ്ട് പ്രകൃതി.
ആകാശത്തെ ചുംബിച്ച് നിൽക്കുന്ന മൊട്ടക്കുന്നുകൾ, ഇടയിലൂടെ ശബരിമല പാത, റബർ തോട്ടങ്ങൾക്കിടയിലുണ്ടായിരുന്ന ചെമ്മൺ പാതകൾ, തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ, അമ്പലങ്ങൾ, പള്ളികൾ....മലമുകളിൽ നിന്ന് താഴേക്കുള്ള ദൂരക്കാഴ്ചകൾ ധാരാളമുണ്ട്. ശബരിമല തീർത്ഥാടകരും വിനോദയാത്രികരും ളാഹയിൽ വാഹനങ്ങൾ നിറുത്തി കാഴ്ചകൾ ആസ്വദിച്ചാണ് യാത്ര ചെയ്യുന്നത്. ചിത്രങ്ങൾ പകർത്താനും വിവാഹ ഫോട്ടോ, വീഡിയോ ഷൂട്ടുകൾക്കും ധാരാളം ആളുകൾ എത്തുന്നു. ചില ദിവസങ്ങളിൽ വൈകുന്നേരങ്ങളിലെ മഴയും കോടമഞ്ഞും കുളിർമ പകരുന്നു. വിനോദ സഞ്ചാരികൾക്ക് കുറേക്കാലത്തേക്ക് ഇവിടെ പ്രിയപ്പെട്ട കേന്ദ്രമാകും. റബർ വെട്ടിമാറ്റിയ സ്ഥലത്ത് പുതിയത് പ്ളാന്റ് ചെയ്തിട്ടില്ല.