റാന്നി: കെ.എസ്.ടി.പി റോഡു നിർമ്മാണവുമായി ബന്ധപ്പെട്ട് വൈദ്യുതി വകുപ്പ് കരാർ ജോലികൾ ചെയ്യുന്ന സ്വകാര്യ കമ്പനി ജീവനക്കാരന് ജോലിക്കിടെ വൈദ്യുതാഘാതമേറ്റു പരിക്ക്. റാന്നി നോർത്ത് സെക്ഷന് കീഴിൽ ഇട്ടിയപ്പാറയിൽ ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. കൊല്ലം സ്വദേശി മോഹനനാണ് വൈദ്യുതാഘാതമേറ്റത്. ട്രാൻസ്‌ഫോർമറിനു മുകളിൽ പണികൾക്കായി കയറിപ്പോൾ 11കെ.വി ലൈനിൽ നിന്നുമാണ് ആഘാതമേറ്റത്. താഴെ വീണ മോഹനന് കൈകൾക്ക് ഒടിവ് സംഭവിച്ചിട്ടുണ്ട്. അമ്പത് ശതമാനത്തിലേറെ വയറിന് പൊള്ളലുമേറ്റു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോഹനനെ പ്രവേശിപ്പിച്ചു. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കുന്ന കരാർ കമ്പനിയുടെ ജീവനക്കാരനാണ് മോഹനൻ. സുരക്ഷാ മുൻകരുതലില്ലായ്മയാണ് വൈദ്യുതാഘാതമേൽക്കാൻ കാരണമെന്നാണ് വിലയിരുത്തൽ.