local
വീടിന്റെ താക്കോൽദാന ചടങ്ങ് രാജു ഏബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

റാന്നി : പുനലൂർ- മൂവാറ്റുപുഴ റോഡ് നിർമാണത്തിനായി വീട് പൊളിച്ച് എട്ട് വർഷമായി കുടിലിൽ കഴിഞ്ഞ ഉതിമൂട് വലിയകലുങ്ക് മരുതിമൂട്ടിൽ രാമകൃഷ്ണൻ നായർക്കും ഭാര്യയ്ക്കും മകൾക്കും രണ്ട് കുട്ടികൾക്കും അടച്ചുറപ്പുളള വീട്ടിൽ ഇനി അന്തിയുറങ്ങാം. ലയൺസ് ക്ളബ് സഹായത്തോടെ നിർമിച്ച വീടിന്റെ താക്കോൽ കൈമാറി. എട്ടുവർഷമായി പുറംപോക്കിൽ പ്ളാസ്റ്റിക് ഷെഡിലായിരുന്നു കുടുംബത്തിന്റെ താമസം. റോഡ് വികസനത്തിന് സ്ഥലമെടുത്തപ്പോൾ വീട് പൊളിച്ചു മാറ്റണമെന്ന് കെ.എസ്.ടി.പിയിൽ നിന്ന് കത്തുകിട്ടി. ഒരുലക്ഷത്തി നാൽപ്പതിനായിരം രൂപ അനുവദിച്ചിട്ടുണ്ടെന്ന് അറിയിച്ചു. 70000 രൂപ പൊളിക്കുമ്പോഴും ബാക്കി വീടുവച്ചിട്ടും തരുമെന്നാണ് അറിയിച്ചത്. ആരും സഹായിക്കാൻ ഇല്ലാതെ കുടുംബം വീട് പൊളിച്ചു മാറ്റി ഷെഡ് നിർമിച്ച് അതിൽ ഒതുങ്ങിക്കൂടി. വസ്തു പുറമ്പോക്കായതുകാരണം പഞ്ചായത്തിന് കുടുംബത്തെ സഹായിക്കാൻ കഴിഞ്ഞില്ല. 2018ലെ വെള്ളപൊക്കവും കുടുംബത്തെ ദുരിതത്തിലാക്കി. എന്തുചെയ്യണമെന്ന് അറിയാതെ നിൽക്കുമ്പോൾ പൊതുപ്രവർത്തകനായ പ്രസാദ് കുഴിക്കാല ഇടപെട്ട് സഹായത്തിനായി സർക്കാർ തലങ്ങളിൽ ശ്രമം നടത്തിയത്. എന്നാൽ കുടുംബാംഗങ്ങളുടെ പേരിൽ ഭൂമി ഇല്ലാത്തതു കാരണം അധികൃതർ കൈമലർത്തി. തുടർന്ന് ലയൻസ് ഡിസ്ട്രിക് ക്ലബ് ഗവർണർ ഡോ.ജയകുമാറിനോട് സഹായം അഭ്യർത്ഥിക്കുകയും കൈവശാവകാശമുള്ള ഭൂമി കണ്ടെത്തി വീട് പണിയുകയുമായിരുന്നു. ചടങ്ങ് രാജു എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ.ജയകുമാർ താക്കോൽ ദാനം നിർവഹിച്ചു. ലയൺസ് ക്ലബ് മുൻഗവർണർ കെ.എ തോമസ്, ചെയർ പേഴ്‌സൺ പി.എസ് ശശികുമാർ, റിങ്കുചെറിയാൻ, വാർഡ് അംഗങ്ങളായ മിനി തോമസ്, കെ.ആർ.പ്രകാശ്, പി വി അനോജ് കുമാർ, പ്രസാദ് കുഴികാല, എ.കെ വിക്രമൻ എന്നിവർ ആശംസകൾ അറിയിച്ചു.