കൊടുമൺ: വിഷുവിന് വിശിഷ്ട വിഭവങ്ങളുമായി കൊടുമൺ ഇക്കോഷോപ്പ്. നീലഗിരി, വയനാടൻ വനങ്ങളിലെ മുളയരി മുതൽ ശബരിമല ഉൾപ്പെടുന്ന 18 മലകളിലെ കാട്ടുതേൻ വരെ ഇവിടെക്കിട്ടും. ഗൂഡല്ലൂർ, മൈസൂർ റോഡിന്റെ ഇരുവശങ്ങളിലുമുള്ള മുളങ്കാടുകളിൽ ഇപ്പോൾ മുളയരി തൂത്തുവാരുന്നതിന്റെ തിരക്കാണ്. പന്ത്രണ്ടു വർഷത്തിലൊരിക്കലാണ് മുള പൂക്കുന്നത്. പൂത്തുകഴിഞ്ഞാൽ മുളയ്ക്കു വളർച്ചയില്ല.
ഇതി് പുറമെ വാട്ടച്ചീനിയും പച്ചയുണങ്ങിയ ചീനിയും ഇക്കോഷോപ്പിൽ കിട്ടും. ചക്കകൊണ്ടുണ്ടാക്കിയ വിവിധയിനം വിഭവങ്ങളും ഇവിടെയുണ്ട്.
കൊടുമൺ റൈസിന് വൻ ഡിമാന്റാണ്. ഉമുരക്തശാലി, ഗന്ധകശാല തുടങ്ങിയ അരിയുടെ കഞ്ഞിവെള്ളത്തിന് ഏറെ ഗുണമുണ്ട്. ക്ഷീണമകറ്റാൻ ഏറെ നല്ലതാണ് കഞ്ഞിവെള്ളം. കൊടുമൺ കൃഷിഭവന്റെ മേൽനോട്ടത്തിലും നിർദ്ദേശത്തിലും വിളയിച്ചെടുത്ത പച്ചക്കറികളും കാർഷികവിളകളും ഇക്കോഷോപ്പിൽ സുലഭം.
ഗുണമേന്മയുള്ള നാടൻ ശർക്കരയുംലഭിക്കും. കുടുംബശ്രീ തയ്യാറാക്കുന്ന അച്ചാറുകൾ, അടുക്കള വിഭവങ്ങൾ എന്നിവയ്ക്കും ആവശ്യക്കാരുണ്ട്.
സി.പി.എം കൊടുമൺ ഏരിയാ സെക്രട്ടറി എ.എൻ. സലിം പ്രസിഡന്റും, വിനിൽ അങ്ങാടിക്കൽ സെക്രട്ടറിയുമായ കൊടുമൺ ഫാർമേഴ്സ് സൊസൈറ്റിയുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം. കൊടുമൺ പൊലീസ് സ്റ്റേഷനു സമീപം സെന്റ് പീറ്റേഴ്സ് യു.പി സ്‌കൂളിനു മുൻവശത്താണ് ഇക്കോഷോപ്പ്. പി.കെ. അശോകനാണ് മാനേജർ.