column-

വനത്തിൽ കഴിയുന്ന ആദിവാസികളെ പിന്നാമ്പുറത്ത് നിറുത്തുന്നവരാണ് നമ്മൾ. സാധാരണയിൽ നിന്ന് വ്യത്യസ്തമായ ജീവിതരീതി, വൃത്തിയില്ലായ്മ, ഒരിടത്തും സ്ഥിരമായി താമസിക്കാത്തവർ, വിദ്യാഭ്യാസത്തിൽ നിന്ന് അകന്നു നിൽക്കുന്നവർ തുടങ്ങി അകറ്റി നിറുത്താൻ ഒട്ടേറെ കാരണങ്ങളുണ്ടാവാം. വനാന്തരങ്ങളിൽ കഴിയുന്നത് അവരുടെ സ്വഭാവവും സംസ്‌കാരവുമായി നാം കാണുന്നു. പാരമ്പര്യ തൊഴിലായ കുന്തരിക്കവും തേൻ ശേഖരിക്കലുമൊക്കെയായി കഴിയുന്ന ആദിവാസികളെ നമുക്കൊപ്പം കൂട്ടിയാൽ കൂടില്ലെന്നാണ് അധികൃതരും പറയുന്നത്. അതാണോ ശരി? ആത്മാർത്ഥമായൊന്നു പരിശ്രമിച്ചാൽ ആദിവാസികളെ പൊതുസാമൂഹിക ജീവിതത്തിന്റെ ഭാഗമാക്കാമെന്ന് ശബരിമലക്കാടുകളിൽ കഴിയുന്ന മലമ്പണ്ടാര വിഭാഗം ആദിവാസികളിൽ കാണുന്ന മാറ്റം വ്യക്തമാക്കുന്നു. അക്കഥ രവീന്ദ്രൻ എന്ന ആദിവാസിയിൽ നിന്ന് തുടങ്ങാം.

വർഷങ്ങളായി ഗവി വനത്തിനുള്ളിൽ കൊച്ചുപമ്പ ഭാഗത്ത് താമസിച്ചവരാണ് രവീന്ദ്രനും കുടുംബവും. ഒരു ടാർപ്പോളിന്റെ കീഴിൽ ഒറ്റമുറി കൂരയിൽ രവീന്ദ്രനും ഭാര്യയും മകനും മരുമകളും മൂന്ന് കൊച്ചുമക്കളും അടങ്ങുന്ന കുടുംബം കഴിഞ്ഞു പോന്നു. മൃഗവേട്ടയുടെ പേരിൽ വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരുമായുണ്ടായ തർക്കത്തെ തുടർന്ന് രവീന്ദ്രന്റെ കുടിൽ പൊളിച്ചു. കൊച്ചുപമ്പയിലെ ഉപേക്ഷിച്ചു പോയതും ഇടിഞ്ഞു വീഴാറായതുമായ കെ.എസ്.ഇ.ബി ക്വാർട്ടേഴ്സിൽ അടച്ചുറപ്പില്ലാത്തെ ഒരു മുറിയിലേക്ക് ചേക്കേറിയ കുടുംബത്തെ അവിടെ നിന്നും ഇറക്കി വിട്ടു. ഒട്ടുമിക്ക ആദിവാസികളെയും പോലെ അധികൃതർ വിരട്ടുമ്പോൾ ഭയന്ന് കിടപ്പാടവുമെടുത്ത് ഒാടുന്ന കൂട്ടത്തിലല്ലായിരുന്നു രവീന്ദ്രൻ. ഇറക്കി വിട്ടപ്പോൾ അദ്ദേഹം ഭാര്യയെയും മക്കളെയും കൊച്ചുമക്കളെയും കൂട്ടി പത്തനംതിട്ട കളക്ടറേറ്റിലെത്തി പരാതിപ്പെട്ടു. താത്‌കാലികമായി ശബരിമല വനത്തിലേക്ക് മാറാൻ കളക്ടർ അനുമതി നൽകിയതിനെ തുടർന്ന് ളാഹയ്ക്കടുത്ത് കുടിലുയർത്തി കുടുംബം അവിടെക്കഴിഞ്ഞു. തേനും കുന്തരിക്കവും വിറ്റ് ഉപജീവനം നടത്തിപ്പോന്ന രവീന്ദ്രന് ളാഹയിലെത്തിയപ്പോൾ തൊഴിൽ ഇല്ലാതായി. പട്ടികവർഗ വകുപ്പിൽ നിന്ന് ലഭിക്കുന്ന അരി കൊണ്ട് കഞ്ഞിവച്ചു കുടിച്ചു. രവീന്ദ്രനും മകൻ അജയനും പ്രദേശത്തെ ഇൗറ്റ വെട്ടുന്ന ജോലിയിലേക്ക് തിരിഞ്ഞു.

രവീന്ദ്രന്റെ മുള വീട്

കലാവാസനയും ഭാവനയുമുള്ള അച്ഛനും മകനും തങ്ങൾ താമസിക്കുന്ന കുടിലിന്റെ രൂപം ഒന്നു മാറ്റാൻ തീരുമാനിച്ചു. ടാർപ്പോളിൻ ഷീറ്റ് മറച്ചുണ്ടാക്കിയ കുടിലുകൾക്ക് പകരം മുളക്കീറുകൾ ഭിത്തികളാക്കിയും ആസ്ബസ്റ്റോസ് ഷീറ്റുകൾ മേൽക്കൂരയാക്കിയും പുതിയ വീടുകൾ നിർമിച്ചു. പുഴയോര ടൂറിസത്തിന്റെ ഭാഗമായി നിർമിക്കുന്ന ഹട്ടുകളെ അനുസ്മരിപ്പിക്കുന്നത്. സിറ്റൗട്ടും ഹാളും കിടപ്പറകളും അടുക്കളയും അടങ്ങിയതാണ് മുളവീടുകൾ. സിറ്റൗട്ടിൽ ഇരിക്കാൻ ഇൗറ കൂട്ടിക്കെട്ടിയ സെറ്റിയുണ്ട്. തറ മണ്ണിട്ട് ഉറപ്പിച്ചു. ഇൗറ്റക്കീറുകൾ കെട്ടിയ കട്ടിലുകളുണ്ട് മുറിക്കുള്ളിൽ. ഹാളും ഫാമിലി റൂമും അടുക്കളയും നിർമാണത്തിൽ വ്യത്യസ്തമാണ്. കുത്തിയിരുന്ന് അടുപ്പ് ഊതേണ്ട. മണ്ണിട്ട് ഉയർത്തിയ അടുപ്പിനടുത്ത് നിന്ന് കൊണ്ട് പാചകം ചെയ്യാം. രവീന്ദ്രൻ വീട് നിർമിച്ചുകൊണ്ടിരിക്കെ, ശബരിമലയിലേക്ക് പോയ അന്നത്തെ ജില്ലാ കളക്ടർ പി.ബി.നൂഹ് കൗതുകം കൊണ്ട് വാഹനം നിറുത്തി അവിടേക്കെത്തി. വീട് നിർമാണത്തിന് പ്രോത്സാഹനം നൽകി. മേൽക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റുകൾ കളക്ടർ സ്പോൺസർ ചെയ്തു. പിന്നീടൊരിക്കൽ നൂഹിന്റെ സാന്നിദ്ധ്യത്തിൽ രവീന്ദ്രനും കുടുംബവും പുതിയ വീട്ടിലെ 'ഗൃഹപ്രവേശം' നടത്തി. ഒരു സന്നദ്ധ സംഘടന സ്ഥാപിച്ചു കൊടുത്ത സോളാറാണ് ഇൗ വീട്ടിലെ വെളിച്ചം. രവീന്ദ്രന്റെ വീടിന്റെ മാതൃകയിൽ സമീപത്തെ ആദിവാസി കുടുംബങ്ങളും നിർമാണം ആരംഭിച്ചിട്ടുണ്ട്. ഇത്തരം മുളവീടുകൾ നിർമിക്കുന്നത് വനത്തിൽ ആദിവാസികൾ സ്ഥിരതാമസത്തിന് സൗകര്യമാകും. വീടുകൾക്ക് കൈവശാവകാശം അനുവദിച്ചു കിട്ടില്ലെന്ന് മാത്രം.

രവീന്ദ്രന്റെ വീട്ടുപരിസരത്ത് ഇപ്പോൾ കപ്പയും വാഴയും ചേമ്പും നട്ടിട്ടുണ്ട്. കാട്ടാന കയറാതിരിക്കാൻ വീടിനും കൃഷിക്കും സോളാർ വൈദ്യുതി ഉപയോഗിച്ച് കമ്പിവേലി നിർമിച്ചു. പ്രോത്സാഹിപ്പിച്ചു കൊടുക്കാൻ ആളുകളുണ്ടെങ്കിൽ ആദിവാസികൾ സ്വയം പരിവർത്തനത്തിന്റെ പാതയിലേക്ക് വരുമെന്നതിന്റെ ചില സൂചനകളാണ് ശബരിമലക്കാടുകളിലെ അവരുടെ ജീവിതം വെളിപ്പെടുത്തുന്നത്.

തൊഴിൽ പഠിക്കുന്ന പെൺകുട്ടികൾ

ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ പ്ളാപ്പള്ളയിലെ ഒരു ആദിവാസക്കുടിലിൽ സാരിയുട‌ുത്ത് നിൽക്കുന്ന വീട്ടമ്മയെ കണ്ടു - സൂസമ്മ. കുടിലിൽ പെൺകുട്ടികളെ ഒരുമിച്ച് നിറുത്തി എന്തോ പറഞ്ഞു കൊടുക്കുകയായിരുന്നു. ഒരു തയ്യൽ മെഷീൻ ഉപയോഗിച്ച് പെൺകുട്ടികളെ തയ്ക്കാൻ പഠിപ്പിക്കുകയാണ് അവരുടെ സൂസമ്മ ടീച്ചർ. പത്തനംതിട്ട വടശേരിക്കരയ്ക്ക് അ‌ടുത്ത് തലച്ചിറ സ്വദേശിയായ സൂസമ്മ തോമസ് ഏതാണ്ട് പത്തു വർഷത്തോളമായി ആദിവാസി അമ്മമാരുടെയും പെൺകുട്ടികളുടെയും ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്നു. ഒരു സംഘടനയുടെയും ആളല്ല. വർഷങ്ങൾക്ക് മുൻപൊരു ദിവസം വനത്തിനുള്ളിൽ ആദിവാസി യുവതി പ്രസവിച്ചിട്ടു പോയ ചോരക്കുഞ്ഞിനെക്കുറിച്ചുള്ള പത്രവാർത്ത സൂസമ്മയുടെ മനസിൽ തട്ടി. രണ്ട് പെൺകുട്ടികളുടെ മാതാവായ സൂസമ്മ ഭർത്താവ് തോമസിനൊപ്പം ആദിവാസി പെൺകുട്ടികളുടെ ജീവിത സാഹചര്യം പഠിക്കാനിറങ്ങി. അവരെ എന്തെങ്കിലും ഒരു തൊഴിൽ പഠിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ് നാട്ടിലെ തയ്യൽ ടീച്ചർ കൂടിയായ സൂസമ്മ തയ്യൽ മെഷീനുകളുമായി കാടുകൾ കയറിയത്. ശബരിമല, ഗവി വനങ്ങളിൽ താമസിക്കുന്ന 35 പെൺകുട്ടികളെ സൂസമ്മ തയ്യൽ പഠിപ്പിച്ചു.

നമ്മൾ മനസുവച്ചാൽ ആദിവാസികളുടെ ജീവിത രീതികൾ മാറ്റിയെടുക്കാമെന്ന് സൂസമ്മ പറയുന്നു. ആദിവാസികൾക്ക് കട്ടിലുകൾ നൽകി അതിൽ കിട‌ക്കാൻ പഠിപ്പിക്കണം. തുണികൾ കഴുകാൻ ബോധവത്‌കരിക്കണം. ഭക്ഷണം പാകം ചെയ്യാൻ പഠിപ്പിക്കണം. സോപ്പ്, മെഴുകുതിരി തുടങ്ങിയ കൈത്തൊഴിലുകൾ പഠിപ്പിക്കണം. പെൺകുട്ടികൾ അമ്മമാരാകുന്ന ലൈംഗിക അരാജകത്വം മാറ്റിയെടുക്കണം. അതിന് ഒറ്റമുറിക്കൂരയിലെ മുറികൾ വേർതിരിച്ച് കുട്ടികളെ അതിലേക്ക് മാറ്റണം. അരിയും മരുന്നുകളും എത്തിക്കുന്നതിനൊപ്പം സർക്കാർ ഇൗ വക കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ ആദിവാസികളിലും നവോത്ഥാനമുണ്ടാകും.