പത്തനംതിട്ട: മലങ്കര സുറിയാനി കത്തോലിക്കാ സഭ തിരുവല്ല അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ബോധനയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങൾക്ക് 18 ന് തുടക്കമാകും. തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രൽ ഹാളിൽ നടക്കുന്ന ആഘോഷ പരിപാടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എം.പി, മാത്യു ടി.തോമസ് എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ ബിന്ദു ജയകുമാർ, ഡോ.തോമസ് മാർ കൂറിലോസ് എന്നിവർ സംസാരിക്കും. ചടങ്ങിൽ പ്രളയകാലത്ത് രക്ഷാ പ്രവർത്തനത്തിന് കൈതാങ്ങായവരെ ആദരിക്കും. ആതുരസേവന രംഗത്ത് ആറ് പതിറ്റാണ്ട് കാലം പിന്നിടുന്ന പുഷ്പഗിരി മെഡിക്കൽ സൊസൈറ്റിക്ക് അവാർഡ് നൽകും. ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് 1.5 കോടി രൂപയുടെ വിവിധ കാരുണ്യ പ്രവർത്തനങ്ങൾക്കും രൂപം നൽകിയിട്ടുണ്ട്. ഭവന നിർമാണം, സ്വയം തൊഴിൽ പരിശീലനം, വാട്ടർ ഫിൽറ്റർ വിതരണം, വിദ്യാഭ്യാസ സഹായ പദ്ധതികൾ, കുടുംബ സഹായ പദ്ധതികൾ, ദുരിതാശ്വാസ പുനരധിവാസ പദ്ധതികൾ എന്നിവ ഇതിലുൾപ്പെടും. വാർത്താ സമ്മേളനത്തിൽ ബോധന എക്‌സിക്യൂട്ടിവ് ഡയറക്ടർ ഫാ. സാമുവൽ വിളയിൽ, സജി മാത്യു എന്നിവർ പങ്കെടുത്തു.