vv

പത്തനംതിട്ട: കൊവിഡ് രണ്ടാം തരംഗം പിടിമുറുക്കുമ്പോൾ പാലിക്കേണ്ടകർശന നിയന്ത്രണങ്ങൾ ഏറെ വലയ്ക്കുന്നത് വ്യാപാരികളെയാണ്. നേരത്തെ ലോക്ഡൗൺ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ കാരണം വ്യാപാര സ്ഥാപനങ്ങൾക്ക് ഏറെനാൾ പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നില്ല. നിയന്ത്രണം മാറി വീണ്ടും സജീവമായപ്പോഴാണ് രണ്ടാംതരംഗം എത്തിയത്. പ്രവർത്തനം സമയത്തിലും ആളുകളുടെ എണ്ണത്തിലുമുള്ള നിയന്ത്രണങ്ങൾ വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് വ്യാപാരികൾ പറയുന്നു.

കൊവിഡ് മാനദണ്ഡങ്ങളുടെ പേരിൽ തങ്ങളെ അധികൃതർ ദ്രോഹിക്കുകയാണെന്ന് അവർ പറയുന്നു.

തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാർട്ടികൾക്കില്ലാത്ത നിയന്ത്രണം ഇപ്പോൾ നടപ്പാക്കിയതിൽ ശക്തമായ പ്രതിഷേധത്തിലാണ് അവർ.
പ്രായമായവർക്കും നാൽപ്പത് കഴിഞ്ഞവർക്കുമെല്ലാം ഇപ്പോൾ കൊവിഡ് വാക്സിൻ നൽകുന്നുണ്ട്. എന്നാൽ ഇതുവരെ വ്യാപാരികൾക്കോ അവരുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കോ വാക്സിൻ നൽകിയിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളികളടക്കമുള്ളവർ ജോലി ചെയ്യുന്ന ഹോട്ടലുകളും സ്ഥാപനങ്ങളുമുണ്ട്.

കനത്ത പ്രതിസന്ധിയിൽ

കാറ്ററിംഗ് മേഖല

കൊവിഡിൽ പൂർണമായും നിശ്ചലമായ കാറ്ററിങ് മേഖല കരകയറി വരുന്നതിനിടയിലാണ് പുതിയ നിയന്ത്രണങ്ങൾ വരുന്നത്. വിവാഹം അടക്കമുള്ള പരിപാടികളിൽ ആളുകളെ നിയന്ത്രിച്ചതും പൊതുപരിപാടികളിൽ ഭക്ഷണം പായ്ക്കറ്റിലാക്കി നൽകണമെന്ന നിർദ്ദേശവും കാറ്ററിംഗ് മേഖലയ്ക്ക് തിരിച്ചടിയായി.

ഹോട്ടലുകളും തട്ടുകടകളും

ലോക്ഡൗണിനു ശേഷം പാഴ്‌സൽ സംവിധാനവുമായാണ് ഹോട്ടലുകൾ തുറന്നത്. പിന്നീട് ആളുകളെ പ്രവേശിപ്പിക്കുന്നതിന്റെയും ഇരുന്നു കഴിക്കുന്നതിന്റെയും നിയന്ത്രണം മാറ്റിയിരുന്നു. ഇപ്പോൾ സാധാരണ രീതിയിലാണ് പ്രവർത്തനം. പുതിയ നിയന്ത്രണങ്ങൾ വരുമ്പോൾ രാത്രി 9ന് കടകൾ അടയ്ക്കണം. തട്ടുകടകൾക്കും വഴിയോര കച്ചവടങ്ങൾക്കും ഇതു ബാധകമാകും. കനത്ത നഷ്ടത്തിൽ നിന്ന് കരകയറിയ ഹോട്ടലുകൾക്കും തട്ടുകടകൾക്കു കൂടുതൽ നഷ്ടമുണ്ടാക്കും.

--------------------------

"വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടാൽ മാത്രം കൊവിഡ് തടയാൻ സാധിക്കില്ല. എല്ലാ മേഖലകൾക്കും ഇത് ബാധകമാണ്. വ്യാപാരികൾക്ക് ഒരു തരത്തിലുള്ള സഹായവും സർക്കാരിൽ നിന്ന് ലഭിച്ചില്ല. വൈദ്യുതി ബില്ല്, വാടക, നഷ്ടപരിഹാരം ഒന്നും ലഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പിൽ ഒരു മുന്നണിയും വ്യാപാരികൾക്ക് ഒന്നും പ്രഖ്യാപിച്ചിട്ടുമില്ല. ജി.എസ്.ടി അടക്കമുള്ള നികുതികളിൽ ഒരു ഇളവും ലഭിച്ചിട്ടില്ല. വീണ്ടും വ്യാപാരികളെ ബുദ്ധിമുട്ടിക്കുകയാണ് സർക്കാർ. "

ജോൺ പ്രസാദ് മാമ്പ്ര

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്