vi

പത്തനംതിട്ട : കൊവിഡ് സാഹചര്യത്തിൽ ആഘോഷങ്ങളില്ലാതെയാകും വിഷു ആഘോഷം. കഴിഞ്ഞ വർഷവും ആഘോഷങ്ങളില്ലാതെയാണ് വിഷു കടന്നുപോയത്.

ക്ഷേത്രങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും കണി ഒരുക്കുക. കഴിഞ്ഞ വർഷം ഭക്തർക്ക് ക്ഷേത്ര പ്രവേശനം നടത്താനാവില്ലായിരുന്നു. വിപണിയും ഇത്തവണ ഉണർന്നിട്ടുണ്ട്. പച്ചക്കറികളും പഴങ്ങളും വാങ്ങാനുള്ള തിരക്കായിരുന്നു ഇന്നലെ നിരത്തിൽ. കൊന്നപ്പൂവിന്റെ കച്ചവടവും തകൃതിയായി നടക്കുന്നുണ്ട്. കുറേ വർഷങ്ങളായി നേരത്തെ പൂക്കുന്ന കൊന്നപ്പൂവുകൾ ഇത്തവണ വിഷുവിന് തന്നെയാണ് പൂത്തത്.

നിറപറ, നിലവിളക്ക്, വാൽക്കണ്ണാടി, കോടിമുണ്ട് , നാണയങ്ങൾ തുടങ്ങിയവയും കണിക്കൊന്നപ്പൂവ്, ചക്ക, ഓറഞ്ച്, ആപ്പിൾ വെള്ളരി തുടങ്ങിയ ഫലവർഗങ്ങളും അണിയിച്ചൊരുക്കിയ കഷ്ണവിഗ്രഹവും കണികാണാനായി ഒരുക്കുന്ന തിരക്കിലായിരുന്നു കുടുംബങ്ങൾ. അതിരാവിലെ കുടുംബത്തിലെ മുതിർന്ന അംഗം കണികണ്ട ശേഷം കുട്ടികളടക്കമുള്ളവരെ ഉണർത്തി കണി കാണിക്കും. തുടർന്ന് എല്ലാവർക്കും വിഷുക്കൈനീട്ടം നൽകും. ഉച്ചയ്ക്ക് വിഷു സദ്യയും ഉണ്ടാകും.