to

റാന്നി: പെരുമ്പുഴ ബസ് സ്റ്റാൻഡിലെ ടോയ്ലറ്റ് കെട്ടിടം പെയിന്റ് അടിച്ച് മുഖം മിനുക്കിയെങ്കിലും മൂക്കുപൊത്താതെ അകത്ത് കയറാൻ കഴിയില്ല. കെട്ടിടം തകർന്ന അവസ്ഥയിലാണ്. റാന്നി പഞ്ചായത്തിന്റെ കീഴിലാണ് പെരുമ്പുഴ ബസ് സ്റ്റാൻഡ്. ടോയ്ലറ്രിന്റെ അവസ്ഥ പരമ ദയനീയമാണ്. ഇവ അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് നാളുകളായി. ടൗണിൽ എത്തുന്നവർക്ക് ഇപ്പോൾ പ്രാഥമിക സൗകര്യങ്ങൾ നിർവഹിക്കണമെങ്കിൽ ഹോട്ടലുകളിലോ, ഒരു കിലോമീറ്റർ ദൂരെ ഇട്ടിയപ്പാറയിലോ എത്തണം. പെരുമ്പുഴ ബസ് സ്റ്റാൻഡിൽ വെയിറ്റിംഗ് ഷെഡിനോട് ചേർന്നാണ് ടോയ്ലറ്റുകൾ പണിതിരിക്കുന്നത്. ഇത് തുറന്ന് പ്രവർത്തിപ്പിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ല. ഇതിനിടെയാണ് കെട്ടിടം പെയിന്റ് ചെയ്തു മുഖം മിനുക്കിയത്.

ശബരിമല തീർത്ഥാടന കാലത്ത് കാൽ നടയായി വരുന്ന തീർത്ഥാടകരെ ഉദ്ദേശിച്ചാണ് ഇത് പണിതത്. കൂടാതെ താലൂക്കാശുപത്രിയിൽ എത്തുന്ന രോഗികൾ, ടൗണിലെ ഓട്ടോ ടാക്‌സി ഡ്രൈവർമാർ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവർക്ക് ആശ്വാസമായിരുന്നു ഈ ശുചിമുറികൾ. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ഇവിടെ ഇ-ടോയ്‌ലറ്റ് സ്ഥാപിച്ചിരുന്നു. ഇതും കാഴ്ചവസ്തുവായിട്ട് നാളുകളായി.