ചെങ്ങന്നൂർ: കേബിൾ ടി.വി സർവീസിനെന്ന പേരിൽ വീട്ടിൽ കയറി ഫോൺ മോഷ്ടിച്ച പ്രതി പിടിയിൽ. കൊല്ലകടവ് ചെറുവല്ലൂർ തെക്കേവീട്ടിൽ രതീഷ് (40) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേബിൾ ടി.വി സർവീസ് മാനേജരാണെന്ന് പരിചയപ്പെടുത്തി പുലിയൂർ കുളിക്കാംപാലത്ത് വല്യത്ത് പടിഞ്ഞാറ്റേതിൽ അജയകുമാറിന്റെ വീട്ടിൽ എത്തിയ ഇയാൾ കേബിൾ സംബന്ധിച്ച പ്രശ്‌നം പരിഹരിക്കാനെന്ന് പറഞ്ഞ് വീടിനുള്ളിൽ കയറി. സെറ്റ് ഒഫ് ബോക്‌സിലെ നമ്പർ എഴുതിയെടുത്ത് പരിശോധന നടത്തിയ ഇയാൾ സ്മാർട്ട് ഫോൺ കൈക്കലാക്കി. ഇത് കണ്ട അജയകുമാർ ചോദ്യം ചെയ്തതോടെ രതീഷ് ഫോണുമായി പുറത്തേക്ക് ഓടുകയായിരുന്നു. അജയനും മകനും പിന്നാലെ എത്തി നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പിടികൂടി. ഇയാളെ പൊലീസിന് കൈമാറി. രതീഷ് ഓട്ടോറിക്ഷ ഡ്രൈവർ ആയിരുന്നെന്നും ഇയാൾ സമാനമായ മോഷണം മുമ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.