pi

ആറൻമുള: ആറന്മുള നിയമസഭാ മണ്ഡലത്തിൽ 23 പേർക്ക് വീണ്ടും പോസ്റ്റൽ ബാലറ്റ് അയച്ചെന്ന് യു.ഡി.എഫ് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ 2 എണ്ണം ശരിയാണെന്ന് സമ്മതിച്ച് വരണാധികാരിയുടെ മറുപടി.
ഇൗമാസം 1, 2, 3 തീയതികളിൽ പത്തനംതിട്ട മാർത്തോമ്മാ ഹൈസ്‌കൂളിലെ ഫെസിലിറ്റേഷൻ സെന്ററിൽ വോട്ടു ചെയ്ത 23 ഉദ്യോഗസ്ഥർക്ക് വരണാധികാരിയുടെ ഓഫീസ് വീണ്ടും പോസ്റ്റൽ ബാലറ്റ് അയച്ചതിന് നടപടി ആവശ്യപ്പെട്ട് ഡി.സി.സി ജനറൽ സെക്രട്ടറി വി.ആർ. സോജിയാണ് പരാതി നൽകിയത്. അന്വേഷണത്തിൽ പാർട്ട് 211 ലെ ക്രമനമ്പർ 372-ാം നമ്പർ വോട്ടർക്കും പാർട്ട് 128-ലെ 690-ാം നമ്പർ വോട്ടർക്കും വീണ്ടും തപാൽ ബാലറ്റ് അയച്ചതായി സമ്മതിച്ച് വരണാധികാരി മറുപടി നൽകിയെന്ന് സോജി പറഞ്ഞു. അയച്ച ബാലറ്റുകൾ വോട്ടു രേഖപ്പെടുത്താതെ വരണാധികാരിയുടെ കൈവശം ഉണ്ടെന്നാണ് മറുപടിയിൽ പറയുന്നത്. രജിസ്റ്റർ തപാലിൽ അയച്ച ബാലറ്റ് എങ്ങനെ തിരികെ വാങ്ങിയെന്ന് പറയുന്നില്ല. നോട്ടീസ് നൽകാതെ ദൂതനെ അയച്ച് ബാലറ്റ് തിരികെ വാങ്ങുന്നത് നിയമപരമായി നിലനിൽക്കില്ല. വോട്ടു രേഖപ്പെടുത്താതെയാണ് ബാലറ്റ് തിരികെ വാങ്ങിയതെന്ന് സ്ഥാനാർത്ഥിയെയോ ഏജന്റിനെയോ ബോദ്ധ്യപ്പെടുത്തിയിട്ടില്ല. ബാലറ്റ് പേപ്പറിന്റെ രജിസ്റ്ററിന്റെ പകർപ്പ് സ്ഥാനാർത്ഥികൾക്കോ ഏജന്റിനോ നൽകിയിട്ടില്ല. ഫെസിലിറ്റേഷൻ സെന്ററിൽ വോട്ടു ചെയ്തവരുടെ മേൽവിലാസം ലഭ്യമല്ല. രണ്ടും നൽകാതെ വരണാധികാരിയുടെ മറുപടി യു.ഡി.എഫ് അംഗീകരിക്കില്ല. ബാലറ്റുകൾ ഇരട്ടിപ്പായി നൽകിയത് ക്രമക്കേടുകൾ നടന്നെന്ന് വ്യക്തമാക്കുന്നതാണ്. തപാൽ ബാലറ്റുകളുടെ സുതാര്യത സ്ഥാനാർത്ഥികളുടെയും ഏജന്റിന്റെയും യോഗം വിളിച്ച് ബോദ്ധ്യപ്പെടുത്തണം. പോസ്റ്റൽ ബാലറ്റ് അയച്ചതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റിട്ടേണിംഗ് ഒാഫീസറായ ജില്ലാ കളക്ടർക്ക് നിവേദനം നൽകിയെന്ന് വി.ആർ.സോജി പറഞ്ഞു.