പത്തനംതിട്ട: നഗരത്തിൽ ഭീതിപരത്തിയ പേപ്പട്ടികളെ പിടികൂടിയെന്ന് നഗരസഭ. സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ കഴിഞ്ഞദിവസം നാല് പേരെയാണ് പേപ്പട്ടി കടിച്ചത്. അക്രമകാരികളായ തെരുവ് നായ്ക്കളെ കൊന്നൊട‌ുക്കുന്നതിന് നിയമപരമായ മാർഗം തേടുമെന്ന് നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ.അജിത്കുമാർ പറഞ്ഞു. തെരുവ് നായ്ക്കളെ കൊന്നൊടുക്കാൻ നഗരസഭയ്ക്ക് നിലവിൽ അധികാരമില്ല. നഗരത്തിൽ കാണപ്പെടുന്ന നായ്ക്കളിൽ എറെയും വന്ധ്യംകരിച്ചവയാണ്. പുതിയ ഭരണസമിതി അധികാരത്തിൽ വന്ന ശേഷം ഇന്നലെവരെ 185 തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചിട്ടുണ്ട്. നായകളുടെ ചെവി ഇംഗ്ളീഷിലെ വി ആകൃതിയിൽ മുറിച്ചിട്ടുള്ളവയെല്ലാം വന്ധ്യംകരിക്കപ്പെട്ടവയാണ്. നടപ്പ് സാമ്പത്തിക വർഷം തെരുവ് നായ വന്ധ്യംകരണത്തിന് 5 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. ക്രമാതീതമായ വർദ്ധന തടയും.