കോന്നി: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനാടുവിൽ അരുവാപ്പുലം - ഐരവൺ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഐരവൺ പാലത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കി ടെൻഡർ വിളിക്കാൻ നടപടിയായി. രണ്ട് മാസം മുമ്പ് ഭരണാനുമതി ലഭിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ തുടർനടപടി വൈകുകയായിരുന്നു. എസ്റ്റിമേറ്റ് തയാറാക്കി സാങ്കേതിക അനുമതി ലഭ്യമായാൽ ഉടൻ തന്നെ ടെൻഡർ നടപടികൾ ആരംഭിക്കും. 12.25 കോടി രൂപയുടെ ഭരണാനുമതിയാണ് അച്ചൻകോവിലാറിന് മീതെയുള്ള പാലത്തിന് ലഭിച്ചത്. പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല. പഞ്ചായത്തിന്റെ വസ്തുവിലാണ് പാലം നിർമ്മിക്കുക. അതിനാൽ എൽ.എസ്.ജി.ഡി എൻജിനയറിംഗ് വിഭാഗം മേൽനോട്ടം നിർവ്വഹിക്കും.
കിലോമീറ്ററുകൾ ലാഭിക്കാം
അരുവാപ്പുലം പഞ്ചായത്തിലെ നാലു വാർഡുകൾ സ്ഥിതി ചെയ്യുന്ന ഐരവൺ പ്രദേശത്തെ ആളുകൾക്ക് പഞ്ചായത്ത് ഓഫീസിലോ, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ, ആയുർവേദ , ഹോമിയോ ആശുപത്രികളിലോ പോകണമെങ്കിൽ കോന്നി പഞ്ചായത്ത് ചുറ്റി കിലോമീറ്ററുകൾ താണ്ടേണ്ട സ്ഥിതിയാണുള്ളത്.
പഞ്ചായത്ത് പ്രദേശങ്ങൾ ഒന്നാകും
അരുവാപ്പുലം, ഐരവൺ വില്ലേജുകളെ പാലം വഴി ബന്ധിപ്പിക്കുമ്പോൾ രണ്ടായി നിന്ന പഞ്ചായത്ത് പ്രദേശം ഒന്നായി മാറും. അരുവാപ്പുലം നിവാസികൾക്ക് എളുപ്പത്തിൽ മെഡിക്കൽ കോളേജിലുമെത്താം.
തമിഴ്നാടിനും കൊല്ലത്തിനും പ്രയോജനം
അച്ചൻകോവിൽ - പ്ലാപ്പള്ളി റോഡിൽ നിന്നുമാണ് പാലം ഐരവൺ കരയുമായി ബന്ധിപ്പിക്കുന്നത്. അതിനാൽ പാലം വരുന്നതോടെ കൊല്ലം ജില്ലയിൽ നിന്നുള്ളവർക്ക് കോന്നിയിൽ എത്താതെ അച്ചൻകോവിൽ റോഡുവഴി മെഡിക്കൽ കോളേജിൽ എത്തിച്ചേരാൻ കഴിയും. തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലുള്ളവർ മധുര മെഡിക്കൽ കോളേജിനെയാണ് ചികിത്സയ്ക്കായി ആശ്രയിക്കുന്നത്. ഇതിന് 150 കിലോമീറ്റർ ദൂരം വരും. തെങ്കാശി ജില്ലക്കാർക്ക് പകുതി ദൂരം യാത്ര ചെയ്താൽ കോന്നി മെഡിക്കൽ കോളേജിലെത്താം.