p

മല്ലപ്പള്ളി: ആനിക്കാട്, മല്ലപ്പള്ളി, കോട്ടാങ്ങൽ പഞ്ചായത്തുകളിൽ ശുദ്ധജല വിതരണം നടത്തുന്നതിന് 2014-ൽ ആരംഭിച്ച ബൃഹത് പദ്ധതിക്ക് നേരിട്ടിരുന്ന തടസം നീങ്ങി. മൂന്ന് പഞ്ചായത്തുകളിൽ ഉൾപ്പെട്ട ഗാർഹിക, ഗാർഹികേതര ഉപഭോക്താക്കൾ ശുദ്ധജലം എത്തിക്കുന്നതിന് കേന്ദ്ര സഹായത്തോടെ ഏഴു വർഷം മുൻമ്പ് തുടക്കമിട്ട പദ്ധതിക്ക് ജലം ശേഖരിക്കുന്ന മണിമലയാറ്റിലെ കോഴിമണ്ണിൽ കടവിലെ പമ്പ് ഹൗസും കിണറും, പുളിക്കാമലയിലെ ട്രീന്റ്‌മെന്റ് പ്ലാന്റും, മല്ലപ്പള്ളി പഞ്ചായത്തിലെ നാരകത്താനി, കാട്ടാമല, ആനിക്കാട് പഞ്ചായത്തിലെ പൊന്നിരിക്കുംപാറ, കാവുങ്കഴമല, കോട്ടാങ്ങൽ പഞ്ചായത്തിലെ വായ്പ്പൂര് -തൃച്ചേർപ്പുറം എന്നിവിടങ്ങളിൽ ജലസംഭരണികൾ പുതുതായി നിർമിക്കുകയും, പരയ്ക്കത്താനം, കാരിക്കാമല, ഹനുമാൻകുന്ന്, കൈപ്പറ്റ എന്നിവിടങ്ങിളിലെ നിലവിലുള്ള ടാങ്കുകൾ നവീകരിക്കൽ പ്രവർത്തികളുമാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. ഇവയിൽ വെള്ളം എത്തിക്കുന്നതിന് പൈപ്പുകൾ സ്ഥാപിക്കുന്നതിനുള്ള പണികളും നടക്കുന്നുണ്ട്. പദ്ധതിക്ക് പുതുജീവൻ ഇതിനിടെ ജലം ശേഖരിക്കുന്ന പമ്പുഹൗസിലേക്ക് വഴി ലഭിക്കാതിരുന്നതുമൂലം പ്രവർത്തികൾ ആകെ അവതാളത്തിലായിരുന്നു. ജലവിഭവവകുപ്പ് മന്ത്രിയായിരുന്ന അഡ്വ.മാത്യു ടി തോമസ് എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരുടെ സഹകരണത്തോടെ വാട്ടർ അതോറിറ്റി നേതൃത്വത്തിൽ പുതുക്കിയ പദ്ധതി തയാറാക്കി സ്വകാര്യ വൃക്തിയുടെ അനുമതിയോടെ കോഴിമണ്ണിൽ കടവിലേക്ക് വഴി നിർമിക്കുവാൻ ആരംഭിച്ചതോടെയാണ് പദ്ധതിക്ക് പുതുജീവൻവെച്ചത്. ഇവിടെയുള്ള നീരൊഴുക്ക് തോടിന് കോൺക്രീറ്റ് സംരക്ഷണ ഭിത്തി നിർമിച്ച് സ്വകാര്യ വൃക്തി സൗജന്യമായി നൽകിയ സ്ഥലം കൂടി ഏറ്റെടുത്ത് വഴിനിർമിച്ചതിന് ശേഷം ഇവിടേക്കുള്ള യന്ത്രസാമിഗ്രികൾ എത്തിച്ച് അവസാനഘട്ട പ്രവർത്തികൾ ആരംഭിക്കും. 32 കോടിയുടെ പദ്ധതി 32 കോടി വകയിരുത്തി നടപ്പിലാക്കുന്ന പദ്ധതി പൂർണതോതിൽ നടപ്പിലാകുന്നതോടുകൂടി ആനിക്കാട്, മല്ലപ്പള്ളി പഞ്ചായത്തുകൾ പൂർണമായും, കോട്ടാങ്ങൽ പഞ്ചായത്തിലെ 1, 2, 3, 11, 12, 13 വാർഡുകളിലെ കുടിവെള്ള ദൗർലഭ്യത്തിന് ശാശ്വത പരിഹാരമാകും. വാട്ടർ അതോറിറ്റി അടൂർ ഡിവിഷന്റെ മേൽനോട്ടത്തിലാണ് പ്രവർത്തികൾ പുരോഗമിക്കുന്നത്.