പത്തനംതിട്ട : കൊവിഡിന്റെ രണ്ടാംവ്യാപനത്തിൽ അടുത്ത അദ്ധ്യയനവർഷവും ഓൺലൈനിലാകുമോയെന്ന ആശങ്കയിലാണ് മാതാപിതാക്കളും അദ്ധ്യാപകരും. ജൂണിൽ സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. തുറക്കാനാവില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. പുതിയ അദ്ധ്യയന വർഷവും ഓൺലൈൻ ക്ലാസുകളിലാകാനാണ് സാദ്ധ്യത. പ്രാദേശിക തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് സർക്കാരിന്റെ പുതിയ തീരുമാനം.
പ്രതിരോധത്തിന്റെ ആദ്യപാഠം
ഓൺലൈൻ പഠനം ആരംഭിച്ചത് കൊവിഡ് വിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാനായിരുന്നു. എല്ലാവർക്കും സ്മാർട്ട് ഫോണും ടി.വിയും നൽകി പഠന സൗകര്യമൊരുക്കി. എന്നാൽ ഉയർന്ന ക്ളാസുകളിലെ പഠനത്തിന് ഇൗ മാർഗം പൂർണവിജയമല്ല.
കുട്ടികളെ ബാധിക്കുന്നു
വിദ്യാർത്ഥികളുടെ മാനസിക നിലവാരത്തെ ഓൺലൈൻ പഠനം പല രീതിയിൽ ബാധിച്ചിട്ടുണ്ട്. ചെറിയ കുട്ടികൾക്കാണ് ഏറെ പ്രശ്നം. കഴിഞ്ഞവർഷം സ്കൂളിൽ ചേർക്കേണ്ട വിദ്യാർത്ഥികൾ ഉണ്ട്. സ്കൂളിന്റെ അന്തരീക്ഷം പോലും അറിയാത്തവരാണിവർ. ഭാഷ കൈകാര്യം ചെയ്ത് തുടങ്ങുന്ന ക്ലാസുകളാണ് ആദ്യത്തേത്. അത് പോലും ലഭിക്കാത്ത കുട്ടികൾ പഠനത്തെ എങ്ങനെ നേരിടുമെന്ന് കണ്ടറിയണം.
നേട്ടമില്ലെന്ന് അദ്ധ്യാപകരും രക്ഷിതാക്കളും
ഓൺലൈൻ ക്ലാസുകൾ കുട്ടികളിൽ കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്നാണ് അദ്ധ്യാപകരുടെയും മാതാപിതാക്കളുടേയും വിലയിരുത്തൽ. ഭൂരിഭാഗം കുട്ടികളും ഓൺലൈൻ ക്ലാസുകൾ ശ്രദ്ധിക്കാറേയില്ല. പഠിക്കുന്നവർ പഠിക്കും. അല്ലാത്തവർ ഉഴപ്പും.
കൂട്ടുകാരോടൊപ്പം കളിച്ചും പഠിച്ചും വളരേണ്ട പ്രായത്തിൽ ഫോണിലേക്ക് കുട്ടികൾ ഒതുങ്ങി പോവുകയാണ്. ഇതിനിടയിൽ ഗെയിമുകളും മറ്റ് വീഡിയോകളും കുട്ടികളിലേക്കെത്തുന്നുമുണ്ട്.
പ്രതിസന്ധിയ്ക്ക് കാരണം
തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ ജാഗ്രത കുറവാണ് രോഗികളുടെ എണ്ണം വർദ്ധിക്കാൻ കാരണം. ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുകൾ ആളുകൾ അവഗണിക്കുകയായിരുന്നു. ഇനി തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനസമയത്തെ ആഹ്ലാദപ്രകടനങ്ങൾ കൂടി വരുമ്പോൾ രോഗികളുടെ എണ്ണം ഉയരും. സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും ജനങ്ങൾ സഹകരിക്കുന്നില്ല. ആൾക്കൂട്ടങ്ങൾക്കും ആഘോഷങ്ങൾക്കും ഒരു കുറവുമില്ല.
സ്കൂൾ തുറന്നാൽ
സ്കൂൾ തുറന്നാൽ ചെറിയ കുട്ടികളിൽ കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്താൻ പ്രയാസമാണ്. പനിയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ അമ്മമാർ ശ്രദ്ധിക്കണം. മറ്റു കുട്ടികളിലേക്കും അദ്ധ്യാപകരിലേക്കും രോഗം പടരാതിരിക്കാൻ രക്ഷിതാക്കൾ ജാഗ്രത കാട്ടണം.
"കുട്ടികളുടെ സുരക്ഷിതത്വത്തിന് പ്രഥമസ്ഥാനം നൽകി പഠനരീതി തയ്യാറാക്കണം. വിദ്യാലയ അനുഭവങ്ങൾ അന്യമാകാത്ത അന്തരീക്ഷം ഉറപ്പിക്കണം.
രാജേഷ് വള്ളിക്കോട്
(പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോർഡിനേറ്റർ)
" നിലവിൽ കൊവിഡ് കേസുകൾ കൂടും. ജൂണിൽ കുറയാനാണ് സാദ്ധ്യത. അങ്ങനെയെങ്കിൽ പ്രശ്നമില്ല. കൂടിയാൽ എന്ത് വേണമെന്ന് സർക്കാർ തീരുമാനിക്കും. "
ഡോ.എ.എൽ ഷീജ
(ഡി.എം.ഒ)
"അദ്ധ്യാപന രീതിയെ തന്നെ ഓൺലൈൻ പഠനം മാറ്റിക്കളഞ്ഞു. പഠനമല്ലാതെയുള്ള ഫോണിന്റെ ഉപയോഗവും വർദ്ധിച്ചു. വീണ്ടും ഓൺലൈൻ പഠനം വന്നാൽ കുട്ടികളിലെ മാനസിക പ്രശ്നങ്ങളും വർദ്ധിക്കും. "
റെജി മലയാലപ്പുഴ
അദ്ധ്യാപകൻ