തിരുവല്ല: വിളവെടുപ്പ് സമയത്തെ തുടർച്ചയായ വേനൽമഴയിൽ അപ്പർകുട്ടനാട് മേഖലയിൽ നെൽകൃഷിക്ക് വ്യാപകമായ നാശനഷ്ടം. ജില്ലയുടെ നെല്ലറയായ പെരിങ്ങര പഞ്ചായത്തിലെ എഴുന്നൂറ് ഏക്കറോളം വരുന്ന പാടശേഖരങ്ങളിലാണ് അപ്രതീക്ഷിതമായ വേനൽ മഴയിൽ കൃഷി നാശം സംഭവിച്ചത്. ചാത്തങ്കരി, വളവനാരി, കോടങ്കേരി, കൂരച്ചാൽ, മാണിയ്ക്കതകിടി പാടശേഖരങ്ങളിലായി വിളവെടുപ്പിന് പാകമായ നെൽച്ചെടികളാണ് കാറ്റിൽ ഉലഞ്ഞ് മഴവെള്ളത്തിൽ വീണത്. നെൽച്ചെടികൾ വെള്ളക്കെട്ടിലായതോടെ വിളവെടുപ്പിന് കൊയ്ത്ത് യന്ത്രങ്ങൾക്ക് കൃഷിനിലങ്ങളിൽ ഇറങ്ങാനും കഴിയാതെ വന്നു. പലയിടത്തും വെള്ളക്കെട്ടിലായ കച്ചി ചീഞ്ഞളിഞ്ഞു. ചാത്തങ്കരി, വളവനാരി പാടങ്ങളിൽ കീടബാധയും ശക്തമാണ്. നിരണം, കടപ്ര പഞ്ചായത്തുകളിലെ പാടശേഖരങ്ങളിലെ കൊയ്തെടുത്ത നെല്ല് മഴയത്ത് വെള്ളത്തിലായിരുന്നു. കുറെയൊക്കെ നെല്ല് കർഷകർ വെയിലത്ത് ഉണക്കിയെടുത്തെങ്കിലും ബാക്കിയുള്ളവ ഈർപ്പംതട്ടി കിളിർത്തു നശിച്ചു. ബാങ്കിൽ നിന്നും മറ്റ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്ത് കൃഷിയിറക്കിയ കർഷകർ ആശങ്കയിലായിരിക്കയാണ്. വേങ്ങൽ പള്ളിയിലെത്തിയ മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മെത്രാപ്പോലീത്ത നെൽകർഷകരുടെ ദുരിതം അറിഞ്ഞതോടെ കൃഷിനാശം ഉണ്ടായ പാടശേഖരങ്ങൾ സന്ദർശിച്ചു. റവ.ജോൺ തോമസ്, റവ.ഫെനോ എം.തോമസ്, റവ.മാത്യൂസ്, സാം ഈപ്പൻ, ബിനു വി.ഈപ്പൻ, സണ്ണിതോമസ്, ജേക്കബ് ചെറിയാൻ, ജേക്കബ് മുക്കത്തിൽ, ജെറിൻ,ജിതിൻ എന്നിവരും മെത്രാപ്പോലീത്തയ്ക്ക് ഒപ്പമുണ്ടായിരുന്നു.

ഉദ്യോഗസ്ഥർ അവധിയിൽ;

കണക്കെടുത്തില്ല


പെരിങ്ങര പഞ്ചായത്തിൽ വേനൽമഴയിൽ ഉണ്ടായ നഷ്ടം ഇതുവരെയും തിട്ടപ്പെടുത്തിയില്ല. കൃഷി അസി.ഡയറക്ടറും കൃഷി ഓഫിസറും അവധിയിലാണ്. ചില പാടങ്ങളിൽ നെല്ലിന് ഉണ്ടായ കീടബാധയും പരിശോധിക്കാൻ സാധിച്ചിട്ടില്ല. ഇതുകാരണം കൃഷിനാശം സംഭവിച്ച നെൽകർഷകർ ആശങ്കയിലാണ്. കർഷകർക്ക് ഉണ്ടായ നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തി അടിയന്തരസഹായം നൽകണമെന്ന് ആവശ്യപ്പെട്ട് അപ്പർകുട്ടനാട് നെൽകർഷക സംഘം നിവേദനം നൽകുമെന്ന് പ്രസിഡന്റ് സാം ഈപ്പൻ അറിയിച്ചു.

--------------------

ജില്ലയുടെ നെല്ലറയായ പെരിങ്ങര പഞ്ചായത്തിലെ എഴുന്നൂറ് ഏക്കറോളം വരുന്ന പാടശേഖരങ്ങളിലാണ് അപ്രതീക്ഷിതമായ വേനൽ മഴയിൽ കൃഷി നാശം സംഭവിച്ചത്