തിരുവല്ല: കത്തോലിക്കാ സഭ തിരുവല്ല അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ബോധന സുവർണജൂബിലി ആഘോഷിക്കുന്നു. ഒരുവർഷത്തെ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 18ന് വൈകിട്ട് നാലിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, മാത്യു ടി.തോമസ് എം.എൽ.എ, നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ, സ്വാമി നിർവിണ്ണാനന്ദ, ബോധന എക്സികുട്ടീവ് ഡയറക്ടർ ഫാ.സാമുവൽ വിളയിൽ എന്നിവർ പ്രസംഗിക്കും. 1972ൽ സ്ഥാപിതമായ തിരുവല്ല സോഷ്യൽ സർവീസ് സൊസൈറ്റിയായ ബോധനയുടെ പ്രവർത്തനമേഖല പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി ജില്ലകളാണ്. ജാതിമത ഭേദമെന്യേ ജീവകാരുണ്യ പ്രവർത്തനങ്ങൾ, സ്വയംസഹായസംഘ രൂപീകരണം,ക്രഡിറ്റ് യൂണിയൻ, ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾ, ഭവന നിർമ്മാണം, സ്വയംതൊഴിൽ പരിശീലനം, പ്രകൃതിവിഭവ മാനേജ്‌മെന്റ്, കുടിവെള്ള സ്രോതസുകളുടെ നവീകരണം, വിദ്യാഭ്യാസ സഹായനിധി, ചൈൽഡ് ലൈൻ, തേനീച്ച വളർത്തൽ, കൂൺകൃഷി പരിശീലനങ്ങൾ, കുടുംബസഹായ പദ്ധതി എന്നീ മേഖലകളിൽ പ്രവർത്തിച്ചുവരുന്നു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ മേഖലകളിലായി ഒന്നരക്കോടി രൂപയുടെ കാരുണ്യ പ്രവർത്തനങ്ങളാണ് നടപ്പാക്കുക. ആതുരമേഖലയിൽ ആറ് പതിറ്റാണ്ട് പൂർത്തിയാക്കിയ പുഷ്‌പഗിരി മെഡിക്കൽ സൊസൈറ്റിക്ക് സമ്മേളനത്തിൽ അവാർഡ് നൽകും. പ്രളയത്തിൽ രക്ഷകരായവരെ ആദരിക്കുമെന്നും ബോധന ഡയറക്ടർ ഫാ.സാമുവൽ വിളയിൽ, സൊസൈറ്റി പ്രസിഡന്റ് സജി മാത്യു, പ്രോജക്ട് ഓഫിസർ മനുലാൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.