തണ്ണിത്തോട്: മലയോരത്തിന്റെ രാഷ്ട്രീയക്കാരന് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. അതും കഥയായി. കോന്നി ബ്ലോക്ക് പഞ്ചായത്തംഗം പ്രവീൺ പ്ലാവിളയിലാണ് കഥാരചനയിലൂടെ നാടിനെ പകർന്നുനൽകുന്നത്. കിഴക്കൻ മലയോരത്തിന്റെ സൗന്ദര്യം നിറഞ്ഞ് നിൽക്കുന്ന മണ്ണീറയിലെ വീട്ടിലിരുന്നു ചുറ്റുപാടുമുള്ള കാഴ്ചകളെ പ്രവീൺ ചെറുകഥകളിലേക്ക് ലയിപ്പിക്കുന്നു. കോന്നി ബ്ലോക്ക് പഞ്ചായത്തിലെ അതുമ്പുംകുളം ഡിവിഷനെയാണ് ഇൗ കഥാകാരൻ പ്രതിനിധീകരിക്കുന്നത്. ഇവിടുത്തെ കുടിയേറ്റകരുടെ ജീവിതവും പ്രശ്‌നങ്ങളും പ്രവീണിന് നേരിട്ടറിയാം, ഇതെല്ലാം രചനകൾക്കുള്ള കഥാതന്തുക്കളാവുന്നു. മഴയാത്ര, താടി, മകൾക്കായി, പകൽവീട്, ദൈവം വലിയവനാണ്, വാക പൂത്തവഴിയിൽ, പൂരകാഴ്ചകൾ, ആരവം നിലച്ച വയൽ കാഴ്ചകൾ, ഉത്തമൻ കൊച്ചാട്ടന്റെ കട തുടങ്ങിയ കഥകൾ മലയാളത്തിലെ പ്രധാന പ്രസാധകരാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. മലയാളത്തിലെ പ്രധാന ആനുകാലികങ്ങളിലും പ്രവീൺ പ്ലാവിളയിലിന്റെ കഥകൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ചെറുപ്പകാലത്തെ ചൈനമുക്കിലെ കൂടിച്ചേരലുകളുടേയും സൗഹൃദ ചർച്ചകളുടെയും ഓർമ്മകളാണ് ഉത്തമൻ കൊച്ചട്ടാന്റെ കഥയിലൂടെ പറയുന്നത്. മനൂരെ ചായക്കടയും ജോർജച്ചായന്റെ തുണിക്കടയും വിക്ടോറിയ കോളേജും നളന്ദയും, വാസുപണിക്കരുടെ പീടികയും ഗ്രാമീണ ചർച്ചകളുടെ ഓർമ്മപ്പെടുത്തലുകളാണ്. പ്രഭാകരൻ കൊച്ചാട്ടനും ത്യാഗരാജൻ സാറും ബാലചന്ദ്രൻസാറും അപ്പു കൊച്ചാട്ടനും ശ്രീകാര്യവും ഭാർഗവനാശാനും ഗോപാലനാചാരിയും ഉത്തമൻ കൊച്ചാട്ടനും നാട്ടിൻപുറത്തിന്റെ നൻമകളായി കഥയിൽ നിറഞ്ഞുനിൽക്കുന്നു. കെ.പി.എ.സിയുടെയും കാളിദാസ കലാകേന്ദ്രത്തിന്റെയും, സൂര്യസോമയുടെയും നാടകങ്ങൾ കണ്ട രാവുകളും അതിലെ കഥാപാത്രങ്ങളായ പരമുപിള്ളയും ചാത്തൻപുലയനും കൊച്ചുവാവയും ഇവരുടെ മനസിൽ നിന്ന് മായുന്നില്ല. ജില്ലയിലെ മലയോര കർഷകർക്ക് വേണ്ടിയുള്ള ഭൂസമരങ്ങളിലൂടെ അറിയപ്പെട്ടിരിന്ന ആദ്യകാല കോൺഗ്രസ് നേതാവ് കോന്നിയൂർ വരദരാജന്റെയും മുറിഞ്ഞകൽ ഉടയൻവാതുക്കൽ ഡി.ആനന്ദഭായിയുടേയും മകനാണ് പ്രവീൺ. കഴിഞ്ഞ തവണ കോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. അടൂർ പ്രകാശ് മന്ത്രിയായിരുന്നപ്പോൾ പേഴ്‌സണൽ സ്റ്റാഫിൽ അംഗമായിരുന്നു. പിതാവ് കോന്നിയൂർ വരദരാജനെപ്പറ്റിയും അടൂർ പ്രകാശ് എം.പിയെപ്പറ്റിയുമുള്ള ഓർമ്മക്കുറിപ്പുകൾ പുസ്തങ്ങളാക്കി പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ. അമ്പിളി ശശിധരനാണ് ഭാര്യ. ഏകമകൻ വരദ് പ്രവീൺ.