കാമ്പയിന് പിന്നാലെ വാക്സിനേഷൻ
പത്തനംതിട്ട: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലയിൽ ഇന്നും നാളെയും പരിശോധനാ ക്യാമ്പയിൻ നടത്തും. ഇതു സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷർ, ബ്ലോക്ക്തല മെഡിക്കൽ ഓഫീസർമാർ എന്നിവരുടെ യോഗം കളക്ടറേറ്റിൽ ചേർന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് കാമ്പയിൻ. രോഗലക്ഷണമുള്ളവർ, രോഗിയുമായി സമ്പർക്കത്തിലുള്ളവർ, പോളിംഗ് ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പോളിംഗ് ഏജന്റുമാർ തുടങ്ങിയവർ പരിശോധനയ്ക്കു വിധേയരാകുന്നുണ്ടെന്നു വാർഡ്തല സമിതികൾ ഉറപ്പുവരുത്തും. വാക്‌സിൻ സ്വീകരിക്കാത്തവരും പൊതുയിടങ്ങളിൽ പോകുന്നവരും 45 വയസിനു മുകളിൽ പ്രായമായവരും പരിശോധയ്ക്കു വിധേയരാകണം. കൊവിഡ് രോഗികളും രോഗിയുമായി സമ്പർക്കത്തിലുള്ളവരും ക്വാറന്റൈനിൽ കഴിയണം. ഏതെങ്കിലും സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ മറ്റു ജീവനക്കാർക്കും പരിശോധന നടത്തണം. സ്ഥാപനം നാല് ദിവസത്തേയ്ക്ക് അടച്ചിടണം. ജില്ലയിൽ രോഗികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകുന്ന സാഹചര്യത്തിൽ സി.എഫ്.എൽ.ടി.സികളുടെ എണ്ണം ഉയർത്തണമെന്ന് ജില്ലാ കളക്ടർ നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിർദേശിച്ചു.
പത്തനംതിട്ട മേരി മാതാ സ്‌കൂളിൽ 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഇന്ന് മുതൽ വാക്‌സിനേഷൻ ആരംഭിക്കും. കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കണം. നിലവിലുള്ള ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം 40 വയസിൽ താഴെയുള്ളവരിൽ മരണനിരക്ക് വർദ്ധിക്കുന്നുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ ഷീജ, ഡി.എം ഡെപ്യൂട്ടി കളക്ടർ ആർ.ഐ. ജ്യോതിലക്ഷ്മി, ആർ.സി.എച്ച്.ഒ ഡോ.സന്തോഷ് കുമാർ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സി.എസ് നന്ദിനി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷർ, ബ്ലോക്ക്തല മെഡിക്കൽ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.
40 വയസിൽ താഴെയുള്ളവരിൽ
മരണനിരക്ക് വർദ്ധിക്കുന്നു
കൊവിഡ് അതിതീവ്ര രോഗവ്യാപനത്തിനു സാദ്ധ്യതയുള്ളതിനാൽ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പൊതുജനങ്ങൾ പാലിക്കണം.
ഡോ.എ.എൽ ഷീജ,
ജില്ലാ മെഡിക്കൽ ഓഫീസർ
10,000 പേരെ പരിശോധിക്കും
പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തിയവർ ഇന്നും നാളെയുമായി പ്രത്യേകമായി സംഘടിപ്പിച്ചിട്ടുളള ക്യാമ്പുകളിൽ കൊവിഡ് പരിശോധന നടത്തണമെന്ന് ജില്ലാ കളക്ടർ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെട്ടിട്ടുളളവർ, പോളിംഗ് ബൂത്ത് ഏജന്റുമാർ, ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർ തുടങ്ങിയവർ പരിശോധനയ്ക്ക് വിധേയരാകണം. 45 വയസിന് താഴെയുളളവരും ജനങ്ങളുമായി കൂടുതൽ സമ്പർക്കത്തിലേർപ്പെടുന്നവരുമായ സെയിൽസ്മാൻമാർ, ഡ്രൈവർമാർ, ഹോട്ടൽ റെസ്റ്റോറന്റ് ജീവനക്കാർ തുടങ്ങിയവരും പരിശോധനയ്ക്ക് വിധേയരാവണം.
395 പേർക്ക് കൊവിഡ്
പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 395 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചു പേർ വിദേശത്ത് നിന്ന് വന്നവരും 44 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും, 346 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 11 പേരുണ്ട്. ജില്ലയിൽ ഇതുവരെ ആകെ 63,060 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 56,936 പേർ സമ്പർക്കം മൂലംരോഗം ബാധിച്ചവരാണ്. ജില്ലയിൽ ഇന്നലെ 51 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 60,286 ആണ്.
കൊവിഡ് പരിശോധന കേന്ദ്രങ്ങൾ
പത്തനംതിട്ട: കൊവിഡ് പരിശോധന നടത്തുന്ന കേന്ദ്രങ്ങൾ നിയോജക മണ്ഡലം, പരിശോധനാസ്ഥലം എന്ന ക്രമത്തിൽ ചുവടെ:
അടൂർ - വൈ.എം.സി.എ ഹാൾ അടൂർ.
തിരുവല്ല - താലൂക്ക് ആശുപത്രി തിരുവല്ല.
ആറന്മുള - സി.എഫ്.എൽ.ടി.സി മുത്തൂറ്റ്
(മുത്തൂറ്റ് നേഴ്‌സിംഗ് ഹോസ്റ്റൽ)കോഴഞ്ചേരി.
കോന്നി - പ്രമാടം ഇൻഡോർ സ്റ്റേഡിയം.
റാന്നി -സി.എഫ്.എൽ.ടി.സി (മേനാംതോട്ടം ആശുപത്രി).
ഈ അഞ്ചു സെന്ററുകളിലും ദിവസേന 200 സാമ്പിളുകൾ വീതം ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വിധേയമാക്കും. ദിവസേന പരിശോധനകൾ നടന്നു വരുന്ന ജില്ലാ ആശുപത്രി കോഴഞ്ചേരി, പത്തനംതിട്ട, അടൂർ ജനറൽ ആശുപത്രികൾ, കോന്നി, റാന്നി, മല്ലപ്പളളി താലൂക്ക് ആശുപത്രികൾ, സി എച്ച്.സി വല്ലന, ചാത്തങ്കേരി, എഫ്.എച്ച്.സി ഓതറ, സി.എഫ്.എൽ.ടി.സി പന്തളം എന്നിവിടങ്ങളിൽ 100 മുതൽ 150 വരെ സാമ്പിളുകൾ ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വിധേയമാക്കും. ജില്ലയിലെ എല്ലാ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും 100 വീതവും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ 50 വീതവും ആന്റിജൻ പരിശോധനയും ഈ ദിവസങ്ങളിൽ നടത്തും.
കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം
പത്തനംതിട്ട : ആനിക്കാട് ഗ്രാമപഞ്ചായത്ത് വാർഡ് 13 ൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ദീർഘിപ്പിച്ചു.
തിരുവല്ല മുനിസിപ്പാലിറ്റി വാർഡ് 33 (എം.ജി.എം പുത്തൻചിറ ഭാഗം), വാർഡ് 26 (പൂർണമായും) കിഴക്കും മുറി, വാർഡ് 18 (കുരുടൻ മല ഭാഗം), കടപ്ര ഗ്രാമപഞ്ചായത്ത് വാർഡ് 13 (തേവര മുഴുവനായും), മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് വാർഡ് രണ്ട് (താലൂക്ക് ആശുപത്രി ജംഗ്ഷൻ മുതൽ മഞ്ഞത്താനം തട്ടിക്കൽ ഭാഗം വരെ), കുറ്റൂർ ഗ്രാമപഞ്ചായത്ത് വാർഡ് ഏഴ് (മതിയൻചിറ ഭാഗം) എന്നീ പ്രദേശങ്ങളെ 16 മുതൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കി.