16-priya-raj-bharathan
പ്രിയ രാജ് ഭരതൻ

പന്തളം: കൊല്ലം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശ്രേഷ്ഠ ഭാഷാ മലയാളം കലാസാഹിത്യ സാംസ്‌കാരിക വേദിയുടെ 2020ലെ നാടക നടനുള്ള പുരസ്‌കാരം നടൻ പ്രിയരാജ് ഭരതന് ലഭിച്ചു . കേരളത്തിലെ വ്യത്യസ്ത മേഖലകളിൽ കലാസാഹിത്യ സാംസ്‌കാരിക പ്രതിഭകളായ 25 പേർക്കാണ് ഈ അവാർഡു നൽകുന്നത് .
കനൽസൂര്യൻ നാടകത്തിൽ മഹാത്മാ അയ്യങ്കാളിയുടെ ചെറുപ്പവും യൗവനവും വാർദ്ധക്യവും മികവോടെ അവതരിപ്പിച്ചതിനും 25 വർഷത്തെ വിവിധ നാടകങ്ങളിലെ അഭിനയവും മുൻനിറുത്തിയാണ് അവാർഡ്. കേരള സംഗീത നാടക അക്കാദമി നാടക സംഘം തൃശൂർ , തോപ്പിൽ ഭാസി തീയറ്റേഴ്‌സ് , കൊച്ചിൻ സി.എ.സി , പന്തളം ഗ്രാമീണ നാടകശാല , പഞ്ചമി സ്മൃതിയരങ്ങ് , ബോധി തീയേറ്റർ നൂറനാട് , നാട്ടരങ്ങ് എന്നീ നാടക സമിതികളിലെ നടനായിരുന്നു . സൂപ്പർ മാർക്കറ്റ് , ഒളിവിലെ ഓർമ്മകൾ, വിശുദ്ധ ജോൺ വിയാനി , ഭരതവാക്യം , ധർമ്മക്ഷേത്രേ കുരുക്ഷേത്രേ , അവതരണം ഭ്രാന്താലയം , കോമാളികൾ , നെൻ മണികൾ, പ്രതീക്ഷ,കാവ്യനീതി ,പ്രേമലേഖനം തുടങ്ങി ഒട്ടനവധി നാടകങ്ങളിൽ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിവിധ നാടക മത്സരവേദികളിലും കേരളോത്സവ വേദികളിലും നിരവധി തവണ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകനും അദ്ധ്യാപകനുമായിരുന്ന അന്തരിച്ച പന്തളം ഭരതന്റെയും റിട്ടയർഡ് വില്ലേജ് ഓഫീസർ കാർത്ത്യായനിയുടെയും മകനാണ്. അനിതയാണ് ഭാര്യ. സ്‌കൂൾ കലാപ്രതിഭ സർഗ്ഗ പ്രിയയാണ് മകൾ. നാടകക്കാരുടെ സംഘടനയായ നാടക് പത്തനംതിട്ട ജില്ലാ സെക്രട്ടറിയും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമാണ് .