റാന്നി: റാന്നിയുടെ ടൂറിസം മേഖലയിലേക്ക് മാടത്തരുവി മറ്റൊരു നാഴികക്കല്ലാകുന്നു. മാടത്തരുവി കേന്ദ്രീകരിച്ച് ബൃഹത്തായ ഒരു ടൂറിസം പദ്ധതിക്കുള്ള അനുമതിയാണ് സർക്കാർ ഇത്തവണത്തെ ബഡ്ജറ്റിൽ ഒരുകോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. അഞ്ച് കോടിവരെയുള്ള പ്രവർത്തികൾ ഈ സാമ്പത്തികവർഷം തന്നെ നടപ്പിലാക്കാൻ കഴിയും. ഒരേക്കർ സ്ഥലത്തോളം ഏറ്റെടുക്കേണ്ടതുണ്ട്. വെള്ളച്ചാട്ടത്തിനു മുകളിൽ നെറ്റ് കെട്ടി അപകട സാദ്ധ്യത ഒഴിവാക്കേണ്ടതുണ്ട്. അതുപോലെതന്നെ ഇപ്പോൾ അപകടം നടന്ന സ്ഥലത്തിന്റെ സംരക്ഷണ ഭിത്തികളും നിർമിക്കേണ്ടതുണ്ട് . ഈ നിർമാണങ്ങളെല്ലാം പൂർത്തിയാകുന്നതോടെ പെരുന്തേനരുവിക്ക് ശേഷം നിയോജകമണ്ഡലത്തിൽ മറ്റൊരു പ്രകൃതി മനോഹരമായ വെള്ളച്ചാട്ടം കൂടി വിനോദ സഞ്ചാരികൾക്കായി തുറന്നു കൊടുക്കാൻ കഴിയും. നിലവിലെ ടൂറിസം പദ്ധതിയായ പെരുന്തേനരുവിയും നിർമാണം ആരംഭിക്കാനിരിക്കുന്ന മണിയാർ ടൂറിസത്തെയും സംയോജിപ്പിച്ച് മാടത്തരുവിയെകൂടി ഉൾപ്പെടുത്തി ടൂറിസം പാക്കേജ് തന്നെ രൂപീകരിക്കാൻ ആകും.
പ്രകൃതിയുടെ വരദാനം
പെരുന്തേനരുവി വെള്ളച്ചാട്ടം പോലെതന്നെ പ്രകൃതിയുടെ വരദാനമാണ് മാടത്തരുവി വെള്ളച്ചാട്ടം. പഴവങ്ങാടി പഞ്ചായത്തിലാണ് ഈ വെള്ളച്ചാട്ടം ഉള്ളത്. വലിയ തോട്ടിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം മൂന്നു തട്ടുകളായി നിൽക്കുന്ന പാറക്കൂട്ടങ്ങൾക്ക് മുകളിലൂടെ ആർത്തലച്ച് താഴേക്ക് പതിക്കുന്ന കാഴ്ച മനോഹരമാണ്. പ്രകൃതിയുടെ ഈ സൗന്ദര്യം ആസ്വദിക്കാൻ ഇപ്പോൾത്തന്നെ റാന്നിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ എത്തുന്നുണ്ട്. ഇതിന്റെ ടൂറിസം സാദ്ധ്യതകൾ മുതലാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് രാജു ഏബ്രഹാം എം.എൽ.എയുടെ അഭ്യർത്ഥനയെ തുടർന്നാണ് മന്ത്രി ഡോ. തോമസ് ഐസക്ക് പദ്ധതിക്ക് ബഡ്ജറ്റിലൂടെ അംഗീകാരം നൽകിയത്.